ഇത് നോയിഡക്കാരുടെ 'മരട്'; സൂപ്പർടെക് ഇരട്ട ടവറുകൾ ഉടൻ പൊളിക്കണമെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: കൊച്ചിയിലെ മരട് ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കിയത് മലയാളികൾ ഒരു ത്രില്ലർ സിനിമ പോലെയാണ് കണ്ടത്. ഇതിന് സമാനമാണ് ഡൽഹി നോയിഡയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ സൂപ്പർടെക്ക് അനധികൃതമായി നിർമ്മിച്ച ഇരട്ട ടവറുകൾ. ഈ വമ്പൻ കെട്ടിടം പൊളിക്കുന്നതിനുള്ള നടപടികൾ രണ്ടാഴ്ചയ്ക്കകം ആരംഭിക്കുമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച വ്യക്തമാക്കി. 40 നിലകളുള്ള ഇരട്ട ടവറുകൾ പൊളിക്കുന്നതിനുള്ള സമയക്രമം അന്തിമമായി തീരുമാനിക്കാന്‍ 72 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും യോഗം വിളിക്കാൻ നോയിഡ സിഇഒയോട് സുപ്രീം കോടതി നിർദ്ദേശിച്ചു.
നോയിഡയിലെ സെക്ടർ 93 ലെ ഈ ടവറുകൾ പൊളിക്കാനുള്ള കോടതി ഉത്തരവ് പാലിക്കാത്തതിന് കെട്ടിടനിർമ്മാതാക്കളെ ജയിലിലേക്ക് അയയ്ക്കുമെന്ന് ജനുവരി 12 ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
സൂപ്പർടെക് ലിമിറ്റഡിന്റെ നിർമ്മാണത്തിലിരിക്കുന്ന 40 നിലകളുള്ള ഇരട്ട ടവറുകൾ മൂന്ന് മാസത്തിനുള്ളിൽ പൊളിച്ച് നീക്കാൻ കഴിഞ്ഞ വർഷം ഓഗസ്റ്റ് 31 നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നോയിഡ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് അനധികൃതമായാണ് കെട്ടിട നിർമ്മാണങ്ങൾ നടത്തിയതെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.
വീട് വാങ്ങിയവരുടെ മുഴുവൻ തുകയും ഫെബ്രുവരി 28നോ അതിനുമുമ്പോ തിരികെ നൽകണമെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് സൂപ്പർടെക്കിനോട് നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.