വിവരാവകാശ നിയമം: ഇന്ത്യൻ പൗരൻമാരല്ലാത്തവർക്കും വിവരങ്ങൾ തേടാമെന്ന് ഹൈകോടതി
text_fieldsന്യൂഡൽഹി: ഇന്ത്യൻ പൗരൻമാരല്ലാത്തവർക്കും വിവരാവകാശനിയമ പ്രകാരം (ആർ.ടി.ഐ) വിവരങ്ങൾ തേടാമെന്ന് ഡൽഹി ഹൈകോടതി. ആർ.ടി.ഐ പ്രകാരം തിബറ്റ് സ്വദേശിക്ക് വിവരങ്ങൾ നൽകാൻ ഉത്തരവിട്ട ചീഫ് ഇൻഫർമേഷൻ കമീഷണറുടെ നടപടിയെ ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കവെയാണ് ഹൈകോടതിയുടെ പരാമർശം. വിവരങ്ങൾ തേടാൻ രാജ്യത്തെ പൗരൻമാർക്ക് മാത്രമേ അവകാശമുള്ളൂ എന്ന് പറയുന്നത് വിവരാവകാശ നിയമത്തിന്‍റെ ഉദ്ദേശ്യത്തിനും ലക്ഷ്യത്തിനും വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
സെൻട്രൽ തിബറ്റൻ സ്കൂൾ അഡ്മിനിസ്ട്രേഷനിൽ നിന്നും വിവരങ്ങൾ തേടിക്കൊണ്ടുള്ള തിബറ്റ് പൗരന്‍റെ അപേക്ഷ ഇന്ത്യൻ പൗരനല്ലെന്ന് ചൂണ്ടികാട്ടി പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നിരാകരിക്കുകയായിരുന്നു. തുടർന്ന് തിബറ്റൻ പൗരൻ ചീഫ് ഇൻഫർമേഷൻ കമീഷണർക്ക് പരാതി നൽകി.
തിബറ്റൻ പൗരന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ച ചീഫ് ഇൻഫർമേഷൻ കമീഷണർ, പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് പിഴയും ചുമത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സെൻട്രൽ തിബറ്റൻ സ്കൂൾ അഡ്മിനിസ്ട്രേഷൻ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
ഇന്ത്യൻ പൗരനല്ലാത്തതിനാൽ വിവരങ്ങൾ നൽകാതിരിക്കുന്നത് ഭരണഘടനാ തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. തിബറ്റ് സ്വദേശി ആവശ്യപ്പെട്ട വിവരങ്ങൾ നൽകണമെന്നും കോടതി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.