മറാത്ത സംവരണം; സർക്കാറിനെ തള്ളി മറാത്തകൾ
text_fieldsമുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിളിച്ച സർവകക്ഷി യോഗത്തിലെ പ്രമേയങ്ങളും തള്ളി മറാത്ത സംവരണ പ്രക്ഷോഭകർ. മറാത്ത സംവരണം നടപ്പാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടും ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ചുമാണ് പ്രമേയം. സർക്കാർ സംവരണ വിഷയം അനാവശ്യമായി നീട്ടുകയാണെന്നും ഉപവാസത്തിൽനിന്ന് പിന്മാറില്ലെന്നും ജൽനയിൽ ഉപവാസസമരം നയിക്കുന്ന മനോജ് ജരാൻഗെ പാട്ടീൽ വ്യക്തമാക്കി.
അനിഷ്ട സംഭവങ്ങളുണ്ടായാൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും ഉത്തരവാദികളായിരിക്കുമെന്നു പറഞ്ഞ ജരാൻഗെ പാട്ടീൽ, ദേവേന്ദ്ര ഫഡ്നാവിസിനെ ലക്ഷ്യമിട്ട് പ്രത്യേകിച്ച് ഒരു ഉപമുഖ്യമന്ത്രി സമാധാനം പറയേണ്ടിവരുമെന്ന് നിലപാട് കടുപ്പിച്ചു. പുറമേ സൗമ്യനായി പെരുമാറുന്ന ഫഡ്നാവിസ് ഉള്ളിലൂടെ മറാത്തകൾക്ക് എതിരെ ഉത്തരവുകൾ നൽകുകയാണെന്നാണ് ആരോപണം.
അതെസമയം, ബുധനാഴ്ചയും പലയിടങ്ങളിലും വഴിതടയലും കല്ലേറുമുണ്ടായി. മുംബൈയിൽ മന്ത്രിയും അജിത് പവാർ പക്ഷ നേതാവുമായ ഹസ്സൻ മുശരിഫിന്റെ കാർ ആക്രമിച്ചു. സംഭവസമയത്ത് മന്ത്രി കാറിലില്ലായിരുന്നു. പുണെയിൽ മുംബൈ - ബംഗളൂരു ഹൈവേയിൽ ടയറുകൾക്ക് തീയിട്ട് വഴിതടഞ്ഞു. മറാത്ത്വാഡ മേഖലയിലെ സമ്പാജി നഗർ, ബീഡ് മേഖലകളിൽ ഇന്റർനെറ്റ് ഭാഗികമായി റദ്ദാക്കി. പലയിടത്തും നിരോധനാജ്ഞ തുടരുന്നു.
എം.എൽ.എമാരുടെ വീടും വാഹനങ്ങളും കത്തിച്ച സംഭവങ്ങളിൽ അറസ്റ്റിലായവരുടെ എണ്ണം 161 ആയി. പുണെയിൽ 500 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനിടയിൽ, നിസാമുമാരുടെ ഭരണകാലത്ത് ജാതി സർട്ടിഫിക്കറ്റുള്ള മറാത്തകൾക്ക് കുൻഭി വിഭാഗത്തിന്റെ സാക്ഷ്യപത്രം വിതരണം ചെയ്തുതുടങ്ങി. ധരശിവ് ജില്ലയിലാണ് തുടക്കം. കുൻഭി വിഭാഗത്തിൽപെടുന്നവർക്ക് ഒ.ബി.സി സംവരണം നൽകുമെന്നാണ് സർക്കാർ വാഗ്ദാനം. എന്നാൽ, നിലവിലെ സംവരണ ശതമാനങ്ങളിൽ കൈകടത്തില്ലെന്ന് മുഖ്യമന്ത്രി ബുധനാഴ്ചയും ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.