ജമ്മു-കശ്മീരിൽ തദ്ദേശീയരല്ലാത്തവർക്കും വോട്ടവകാശം; തെരഞ്ഞെടുപ്പിന് ബി.ജെ.പി 'ഇറക്കുമതി ചെയ്ത' വോട്ടർമാരെന്ന് പ്രതിപക്ഷം
text_fieldsകശ്മീർ: ജമ്മു-കശ്മീരിൽ തദ്ദേശീയരല്ലാത്തവർക്കും വോട്ടവകാശം നൽകാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം. തദ്ദേശീയരല്ലാത്തവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാമെന്നും ജമ്മു-കശ്മീർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഹിർദേശ് കുമാർ അറിയിച്ചിരുന്നു. വോട്ടർമാരാകുന്നതിന് സ്ഥിരതാമസക്കാരാവണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ സുരക്ഷാ സംവിധാനങ്ങളുള്ള വോട്ടർ കാർഡുകൾ നൽകും. ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, തൊഴിലാളികൾ തുടങ്ങി ജമ്മു-കശ്മീരിൽ സാധാരണ ജീവിതം നയിക്കുന്ന പുറത്തുനിന്നുള്ള ആർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാനും വോട്ടെടുപ്പിൽ പങ്കെടുക്കാനും കഴിയുമെന്ന് തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു.
എന്നാൽ ജമ്മുവിലും മറ്റ് പ്രദേശങ്ങളിലും കുടിയേറിയ റോഹിങ്ക്യൻ മുസ്ലീംകൾക്ക് വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാമെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. 600 പോളിങ് ബൂത്തുകൾ പുതുതായി അനുവദിച്ചിട്ടുണ്ടെന്നും മൊത്തം 11,370 പോളിങ് ബൂത്തുകൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. തദ്ദേശീയരല്ലാത്തവരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നതിലൂടെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഉരുക്ക് മുഷ്ടി ഉപയോഗിച്ച് ജമ്മു-കശ്മീരിൽ അധികാരം തുടരാനും തദ്ദേശീയരെ ദുർബലപ്പെടുത്താനുമാണ് അവരുടെ ലക്ഷ്യമെന്നും മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
അതേസമയം, കശ്മീരിലെ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ അവസരം ലഭിക്കുകയാണെങ്കിൽ ഈ നീക്കങ്ങളൊന്നും ബി.ജെ.പിയെ സഹായിക്കില്ലെന്നും മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു.
ജമ്മു-കശ്മീരിന്‍റെ പ്രത്യേകപദവി പിൻവലിച്ച ശേഷം ഇതാദ്യമായാണ് സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നത്. നേരത്തെ മണ്ഡലപുനർ നിർണയത്തിന്‍റെ ഭാഗമായി ജമ്മു-കശ്മീരിലെ നിയമസഭ മണ്ഡലങ്ങളുടെ എണ്ണം 83ൽ നിന്നും 90 ആയി ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.