പ്രവാസികളുടെ ഭൂമി വില്‍പന; സ്ഥിരതാമസക്കാരായ നികുതിദായകര്‍ക്ക് സമാനമായ നികുതി എൻ.ആർ.ഐക്കും നടപ്പാക്കണമെന്ന് കെ.സി. വേണുഗോപാല്‍
text_fieldsന്യൂഡൽഹി: റിയല്‍ എസ്റ്റേറ്റിലെ മൂലധന നേട്ടങ്ങളുടെ നികുതിയില്‍ എൻ.ആർ.ഐക്കാര്‍ക്കും തുല്യ നികുതി നടപ്പാക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ധനമന്ത്രിയോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ബജറ്റ് കാലത്തെ ഭേദഗതി പ്രകാരം നാട്ടില്‍ ഭൂമി വില്‍ക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ സര്‍ക്കാറിലേക്ക് കൂടുതല്‍ നികുതി അടക്കേണ്ടി വരുന്നു. കേന്ദ്ര സര്‍ക്കാര്‍ ടാക്‌സ് ഇന്‍ഡെക്‌സേഷന്‍ ബെനിഫിറ്റ് അവസാനിപ്പിച്ചതോടെയാണിത്. 2024 ജൂലൈ 23ന് മുമ്പ് സമ്പാദിച്ച സ്വത്തുക്കള്‍ക്ക് ഇന്‍ഡെക്സേഷനോട് കൂടിയ 20% നികുതിയോ ഇന്‍ഡെക്സേഷന്‍ കൂടാതെ 12.5% നികുതിയോ തെരഞ്ഞെടുക്കാന്‍ നികുതിദായകരെ അനുവദിക്കുന്നതാണ് വ്യവസ്ഥ.
ഇന്ത്യയില്‍ സ്ഥിരതാമസക്കാരായ നികുതി ദായകര്‍ക്ക് ഇതു ആശ്വാസമാണ്. അതേസമയം, ഈ ഓപ്ഷനില്‍ എൻ.ആർ.ഐ വിഭാഗത്തെ പരിഗണിക്കാത്തത് വഴി അവര്‍ക്ക് ഇന്‍ഡെക്സേഷന്റെ പ്രയോജനം നിഷേധിക്കപ്പെടുന്നു. ഇത് ദീര്‍ഘകാല റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളിലെ പണപ്പെരുപ്പ പ്രത്യാഘാതങ്ങള്‍ കണക്കാക്കുന്നതില്‍ നിര്‍ണായകമാണെന്നും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
ആദായ നികുതി നിയമത്തിന്റെ 112 (എ) അനുച്ഛേദം അനുസരിച്ച് നികുതി നിരക്ക് തെരഞ്ഞെടുക്കാനുള്ള അവകാശം പ്രവാസികള്‍ക്കില്ല. എൻ.ആർ.ഐ വിഭാഗം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് ഗണ്യമായ സംഭാവന നല്‍കുന്നു. അതിനാല്‍ രാജ്യത്തെ സ്ഥിരതാമസക്കാരായ നികുതിദായകര്‍ക്ക് സമാനമായ നികുതി പരിഗണന തങ്ങൾക്ക് വേണമെന്ന പ്രവാസികളുടെ ആവശ്യം ന്യായമാണ്. അതിനാല്‍ ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ എൻ.ആർ.ഐകള്‍ക്കും ഇതേ നികുതി ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.