പെരുമഴയിൽ മുങ്ങി ഉത്തരേന്ത്യ; 19 മരണം, ഉരുൾപൊട്ടലും വെള്ളപ്പൊക്കവും
text_fieldsന്യൂഡൽഹി: ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും തുടരുന്ന അതി തീവ്ര മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് ദിവസമായി തുടരുന്ന പേമാരിയിൽ 19 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നഗരങ്ങളിലും ചെറു പട്ടണങ്ങളും പ്രധാനപാതകളും വെള്ളത്തിൽ മുങ്ങിയതോടെ പലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ഹിമാചൽ പ്രദേശിൽ മഴക്കെടുതി രൂക്ഷമാണ്. വെള്ളപ്പൊക്കവും ഉരുൾപൊട്ടലും നിരവധി ജീവനുകളാണ് അപഹരിച്ചത്.
രവി, ബിയാസ്, സത്‌ലജ്, സ്വാൻ, ചെനാബ് എന്നിവയുൾപ്പെടെ എല്ലാ പ്രധാന നദികളും കരകവിഞ്ഞൊഴുകുന്നതിനാൽ മണാലി, കുളു, കിന്നൗർ, ചമ്പ എന്നിവിടങ്ങളിൽ കനത്ത നാശമാണുണ്ടായത്.
ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമായ ഉത്തരാഖണ്ഡിലെ സ്ഥിതിഗതികളും മോശമാണ്. ജമ്മു കശ്മീരിലെ കത്വ, സാംബ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് നിർത്തിവച്ച ശേഷം ഞായറാഴ്ച അമർനാഥ് യാത്ര പഞ്ജതർണി, ശേഷനാഗ് ബേസ് ക്യാമ്പുകളിൽ നിന്ന് പുനരാരംഭിച്ചു.
ഡൽഹിയിലെയും ഗുഡ്ഗാവിലെയും എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധിയാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കോർപ്പറേറ്റ് സ്ഥാപനങ്ങളോട് ഇന്ന് വീട്ടിലിരുന്ന് ജോലി ചെയ്യാനും ഗുഡ്ഗാവ് ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
ഹത്‌നികുണ്ഡ് ബാരേജിൽ നിന്ന് ഹരിയാന ഒരു ലക്ഷം ക്യുസെക്‌സ് വെള്ളം യമുനാ നദിയിലേക്ക് തുറന്നുവിട്ടതിനെത്തുടർന്ന് പ്രളയബാധിത പ്രദേശങ്ങൾ നിരീക്ഷിക്കാൻ ഡൽഹി സർക്കാർ 16 കൺട്രോൾ റൂമുകൾ സ്ഥാപിച്ചു. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.