‘സമുദായങ്ങൾക്കിടയിൽ ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നത് ദക്ഷിണേന്ത്യയിൽനിന്ന് ഉത്തരേന്ത്യ കണ്ടുപഠിക്കണം’ -രാജ്ദീപ് സർദേശായി
text_fieldsഹൈദരാബാദ്: ‘നഫ്രത് ഫൈലാനാ ആസാൻ ഹേ, പ്യാർ ബാട്നാ മുഷ്കിൽ...’ (വെറുപ്പ് പടർത്താൻ എളുപ്പമാണ്. സ്നേഹം പങ്കുവെക്കൽ ശ്രമകരവും) -ഹൈദരാബാദിലെ ജനങ്ങൾ മുന്നോട്ടുവെക്കുന്ന സന്ദേശമിതാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. സമുദായങ്ങൾക്കിടയിൽ ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നത് ദക്ഷിണേന്ത്യയിൽനിന്ന് ഉത്തരേന്ത്യ കണ്ടുപഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ റിപ്പോർട്ടിങ്ങിനായി ഹൈദരാബാദിലെത്തിയ രാജ്ദീപ് നഗരത്തിലെ മതമൈത്രിയെ പ്രകീർത്തിച്ച് സമൂഹ മാധ്യമമായ ‘എക്സി’ൽ കുറിച്ചു. ഗണേശ ചതുർഥി നിമജ്ജനവും നബിദിനവും ഒരേ ദിവസം വന്നതിനാൽ സെപ്റ്റംബറിൽ ഹൈദരാബാദിൽ പലയിടങ്ങളിലും നബിദിന ഘോഷയാത്ര മാറ്റിവയ്ക്കാൻ മുസ്‍ലിം സംഘടനകൾ സ്വമേധയാ സമ്മതിച്ച കാര്യം രാജ്ദീപ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലുടനീളമുള്ള യഥാർഥ സാമുദായിക സൗഹാർദത്തിന്റെ എണ്ണമറ്റ ഉദാഹരണങ്ങൾ നമ്മൾ അപൂർവമായി മാത്രമേ ഉയർത്തിക്കാട്ടാറുള്ളൂ. വെറുപ്പ് പടർത്താൻ എളുപ്പവും സ്നേഹം പങ്കുവെക്കൽ ബുദ്ധിമുട്ടേറിയതുമാണെന്ന് ഹൈദരാബാദിലെ ആളുകൾ പറഞ്ഞതായി രാജ്ദീപ് കുറിച്ചു.
നഗരത്തിലെ മുഷീറാബാദ് പ്രദേശത്ത് സാമുദായിക മൈത്രിയുടെ ഒരുപാട് ഉദാഹരണങ്ങൾ ആളുകൾ താനുമായി കഴിഞ്ഞ ദിവസം രാത്രി പങ്കുവെച്ചതായും അദ്ദേഹം വ്യക്തമാക്കി. 43 ശതമാനം മുസ്‍ലിം ജനസംഖ്യയുള്ള ഹൈദരാബാദ് നഗരത്തിൽ കഴിഞ്ഞ പത്തുവർഷമായി വളരെ സമാധാനപൂർവമാണ് മുമ്പോട്ടുപോകുന്നത്.
കുറിപ്പിന്റെ പൂർണരൂപം
സെപ്റ്റംബറിൽ ഗണേശ ചതുർഥി നിമജ്ജനവും നബിദിനവും ഒരേ ദിവസം വന്നതോടെ ഹൈദരാബാദിൽ പലയിടങ്ങളിലും നബിദിന ഘോഷയാത്ര മാറ്റിവയ്ക്കാൻ മുസ്‍ലിം സംഘടനകൾ സ്വമേധയാ സമ്മതിച്ച കാര്യം നിങ്ങൾക്കറിയാമോ? ഇന്ത്യയിലുടനീളമുള്ള യഥാർഥ സാമുദായിക സൗഹാർദത്തിന്റെ എണ്ണമറ്റ ഉദാഹരണങ്ങൾ നമ്മൾ അപൂർവമായി മാത്രമേ ഉയർത്തിക്കാട്ടാറുള്ളൂ. അവർ പറയുന്നത് (സമൂഹ മാധ്യമങ്ങളെ സംബന്ധിച്ച് ഇതേറെ സത്യവുമാണ്) ‘നഫ്രത് ഫൈലാനാ ആസാൻ ഹേ, പ്യാർ ബാട്നാ മുഷ്കിൽ...’ (വെറുപ്പ് പടർത്താൻ എളുപ്പമാണ്. സ്നേഹം പങ്കുവെക്കൽ ശ്രമകരവും) എന്നാണ്. മുഷീറാബാദ് പ്രദേശത്ത് സാമുദായിക മൈത്രിയുടെ നിരവധി ഉദാഹരണങ്ങൾ കഴിഞ്ഞ ദിവസം രാത്രി മനസ്സിലാക്കാനായി. 43 ശതമാനം മുസ്‍ലിം ജനസംഖ്യയുള്ള ഹൈദരാബാദ് നഗരത്തിൽ കഴിഞ്ഞ പത്തുവർഷമായി വളരെ സമാധാനപൂർവമാണ് മുമ്പോട്ടുപോകുന്നത്. എന്തു സുന്ദരമാണതു കാണാൻ! സമുദായങ്ങൾക്കിടയിൽ ശക്തമായ ബന്ധം കെട്ടിപ്പടുക്കുന്നതിൽ വടക്കേ ഇന്ത്യക്ക് ദക്ഷിണേന്ത്യയിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.