ഉത്തരേന്ത്യയിലെ ആദ്യ ആണവ നിലയം ഗൊരഖ്പൂരിൽ
text_fieldsന്യൂഡൽഹി: ഉത്തരേന്ത്യയിലെ ആദ്യ ആണവ നിലയം ഹരിയാനയിലെ ഗൊരഖ്പൂരിൽ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. അതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. രാജ്യത്ത് വിവിധയിടങ്ങളിൽ ആണവ നിലയങ്ങൾ സ്ഥാപിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലത്തെ മികച്ച നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ ദക്ഷിണേന്ത്യയിലെ തമിഴ്നാട്, ആന്ധ്ര പ്രദേശ് കൂടാതെ, പടിഞ്ഞാറൻ മഹാരാഷ്ട്രയിലുമാണ് ആണവ നിലയങ്ങളുള്ളത്.
ഇന്ത്യയുടെ ആണവ ശക്തി വർധിപ്പിക്കാനായി, 10 ആണവ റിയാക്ടറുകൾ സ്ഥാപിക്കാനുള്ള അനുമതിയായിട്ടുണ്ട്. ആണവ നിലയങ്ങൾക്കായി പൊതുമേഖലാ സ്ഥാപനങ്ങളുമായി ചേർന്ന് സംയുക്ത സംരംഭങ്ങൾ തുടങ്ങാനും ആണവോർജ വകുപ്പിന് അനുമതി നൽകിയിട്ടുണ്ട്.
‘ഗൊരഖ്പൂർ ഹരിയാന അണു വിദ്യുത് പരിയോജന’യുടെ 700 മെഗാവാട്ട് ശേഷിയുള്ള രണ്ട് യൂണിറ്റുകളുള്ള പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടറിന്റെ രൂപകല്പന ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലെ ഗൊരഖ്പൂർ ഗ്രാമത്തിന് സമീപം നടന്നുകൊണ്ടിരിക്കുകയാണ്. അനുവദിച്ച 20,594 കോടിയിൽ നിന്ന് ഇതുവരെ 4,906 കോടി രൂപ ചെലവഴിച്ചു.
ആണവനിലയത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള ഓപ്പറേഷണൽ കൂളിങ് വാട്ടറിനായി തൊഹാന മുതൽ ആണവ നിലയംവരെ വാട്ടർ ഡക്ട് നിർമാണം ഹരിയാന ജലസേചന-ജലവിഭവ വകുപ്പ് നടത്തുന്നുണ്ട്.
ഫയർ വാട്ടർ പമ്പ് ഹൗസ്, സുരക്ഷയുമായി ബന്ധപ്പെട്ട പമ്പ് ഹൗസ്, ഇന്ധന -എണ്ണ സംഭരണ കേന്ദ്രം, വെന്റിലേഷൻ സ്റ്റാക്ക്, ഓവർഹെഡ് ടാങ്ക്, സ്വിച്ച് യാർഡ് നിയന്ത്രണ കെട്ടിടം, സുരക്ഷയുമായി ബന്ധപ്പെട്ട തുരങ്കവും കിടങ്ങുകളും, സംരക്ഷണ ഭിത്തികൾ, ഗാർലൻഡ് ഡ്രെയിനുകൾ തുടങ്ങി പ്ലാന്റുമായി ബന്ധപ്പെട്ട മറ്റ് പ്രധാന കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുകയാണെന്ന് ആണവോർജ വകുപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.