‘ഉത്തര കർണാടകയിൽ കോൺഗ്രസിന് മുൻതൂക്കം, വനിതാവോട്ടർമാർ തുണച്ചാൽ പാർട്ടിക്ക് 20ലേറെ സീറ്റ് കിട്ടും’
text_fieldsബെംഗളൂരു: മെയ് ഏഴിന് നടക്കുന്ന മൂന്നാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ് കരുത്തുകാട്ടുമെന്ന് ‘ഈദിന’ ന്യൂസ് പോർട്ടൽ എഡിറ്റർ ഡോ. എച്ച്.വി. വാസു. 2023ലെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 132നും 140നും ഇടയ്ക്ക് സീറ്റുകൾ ലഭിക്കുമെന്ന് ‘ഈദിന’ സർവേ നടത്തി കൃത്യമായി പ്രവചിച്ചിരുന്നു.
ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആകെയുള്ള 28 സീറ്റിൽ കോൺഗ്രസിന് 13 മുതൽ 18 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് ‘ഈദിന’ പ്രവചിച്ചിട്ടുള്ളത്. പാർട്ടിക്ക് 46.41 ശതമാനം വോട്ടുവിഹിതം ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഏപ്രിൽ 26ന് ആദ്യഘട്ട പോളിങ് നടന്നിരുന്നു.
ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ ഉത്തര കർണാടകയിൽ ലിംഗായത്ത് ആധിപത്യമെന്നതൊക്കെ വെറും കെട്ടുകഥ മാത്രമാണെന്ന് ‘ദ വയറി’നു നൽകിയ അഭിമുഖത്തിൽ ഡോ. എച്ച്.വി. വാസു പറയുന്നു. വോട്ടർമാരിൽ 85 മുതൽ 89 ശതമാനം വരെ പേർക്കും മുഖ്യവിഷയം വിലക്കയറ്റമാണെന്നും അതിന് കാരണക്കാർ ബി.ജെ.പിയാണെന്നാണ് അവർ വിശ്വസിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രജ്വൽ രേവണ്ണയുടെ പേരിലുള്ള ലൈംഗികാരോപണങ്ങൾ കർണാടകയിൽ ഇനിയുള്ള ഘട്ടങ്ങളിലെ വോട്ടെടുപ്പിനെ ബാധിക്കുമെന്നാണ് ഡോ. വാസു കരുതുന്നത്. എന്നാൽ, അത് വലിയ അളവിൽ ഉണ്ടായിരിക്കില്ലെന്നുമാത്രം. ആർക്ക് വോട്ടുചെയ്യണമെന്ന് ഇതിനകം ആളുകൾ തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ടെന്നതാണ് അതിന് വലിയൊരു കാരണം. മറ്റൊന്ന്, പ്രജ്വൽ ജനതാദൾ (എസ്) സ്ഥാനാർഥിയാണെന്നതും ദക്ഷിണ കർണാടക പാർട്ടിക്ക് ആധിപത്യമുള്ള ഇടമാണെന്നതുമാണ്. ജനതാദൾ (എസ്) മൂന്നു മണ്ഡലങ്ങളിൽ മത്സരിച്ച അവിടെ പോളിങ് ഇതിനകം കഴിഞ്ഞു. എങ്കിലും ചെറിയ രീതിയിലൊക്കെ രേവണ്ണ വിവാദം പ്രതിഫലിച്ചേക്കാം.
നേരത്തേ കോൺഗ്രസിന് ‘ഈദിന’ പ്രവചിച്ചത് 13 മുതൽ 18 വരെ സീറ്റുകളാണെങ്കിൽ നിലവിലെ അവസ്ഥയിൽ സീറ്റുകളുടെ എണ്ണം ഒരുപക്ഷേ, അതിനപ്പുറവും പോകാമെന്ന് ഡോ. വാസു പറയുന്നു. ആദ്യഘട്ടത്തിലെ നിഗമനങ്ങളിൽനിന്ന് വ്യത്യസ്തമായി കോൺഗ്രസ് ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകളുടെ എണ്ണം 11ൽനിന്ന് ഒമ്പതായപ്പോൾ ബി.ജെ.പിക്ക് വിജയം ഏറക്കുറെ സുനിശ്ചിതമായ സീറ്റുകൾ പത്തിൽനിന്ന് ഏഴിലേക്ക് മാറി. ബാക്കി 12 സീറ്റുകളിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഈ സീറ്റുകളിൽ കൃത്യമായി ഗതി നിർണയിക്കാൻ കഴിയാതെ പോകുന്നത് സ്ത്രീവോട്ടർമാർ ഏതു രീതിയിൽ ചിന്തിക്കുന്നുവെന്ന് വ്യക്തമാവാത്തതിനെ തുടർന്നാണ്. സർവേയിലും തങ്ങൾ ഏറെ കുഴങ്ങിയ മേഖല ഇതായിരുന്നുവെന്ന് ഡോ. വാസു പറഞ്ഞു.
കോൺഗ്രസിന് വോട്ടുചെയ്യുമെന്ന് ഉറപ്പിച്ചുപറയുന്നവരിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ്. അത് മൂന്നുശതമാനമാണോ 11 ശതമാനമാണോ എന്നതാണ് ചോദ്യം. വനിതാവോട്ടർമാർ അവരുടെ രാഷ്ട്രീയ ചായ്‍വ് പൂർണമായും വെളിപ്പെടുത്താറില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ കർണാടക സർക്കാർ പാലിച്ചതിന്റെ ആഭിമുഖ്യം അവർ വോട്ടിങ്ങിൽ പ്രകടിപ്പിച്ചാൽ കോൺഗ്രസിന് 20ലേറെ സീറ്റുകൾ കിട്ടും. അത് തിരിച്ചായാൽ കോൺഗ്രസിന്റെ സീറ്റുകളുടെ എണ്ണം ഒമ്പതുമുതൽ 13 വരെയുമാകാം.
ഉത്തര കർണാടകയെ അപേക്ഷിച്ച് ദക്ഷിണ കർണാടകയിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സീറ്റുകൾ കൂടുതലുള്ളത്. ഉത്തര കർണാടകയിലെ മൂന്നോ നാലോ സീറ്റുകളൊഴിച്ച് ബാക്കി സീറ്റുകളിൽ കോൺഗ്രസിനാണ് മുൻതൂക്കമെന്നും ഡോ. വാസു വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.