എൻ.ഡി.എക്ക് മൂന്നാമൂഴം ലഭിക്കുമെന്ന് പ്രവചനം, കേരളം അടക്കം നാല് സംസ്ഥാനങ്ങളിൽ ‘ഇൻഡ്യ’ തരംഗം
text_fieldsന്യൂഡൽഹി: ഇന്ത്യ ടുഡേക്ക് വേണ്ടി സീ വോട്ടർ നടത്തിയ സർവേയിൽ എൻ.ഡി.എക്ക് മൂന്നാമൂഴം ലഭിക്കുമെന്ന് പ്രവചനം. 2019ലേതിനേക്കാൾ 32 സീറ്റ് അധികം എൻ.ഡി.എക്ക് ലഭിക്കുമെന്ന് നിരീക്ഷിക്കുന്ന സർവേയിലും ഉത്തര-ദക്ഷിണ ‘വിഭജനം’ പ്രകടം. ഉത്തരേന്ത്യയിലെ 180 സീറ്റുകളിൽ 154ലും എൻ.ഡി.എ വിജയിക്കുമ്പോൾ ദക്ഷിണേന്ത്യയിലെ 132ൽ 27 എണ്ണം മാത്രമാണ് മോദി സഖ്യത്തിന് ലഭിക്കുക.
തമിഴ്നാട്, കർണാടക, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ‘ഇൻഡ്യ’ തരംഗം വ്യക്തമാണെന്നും സർവേ ഫലം വ്യക്തമാക്കുന്നു. യു.പിയിലെ 80ൽ 70ഉം ഡൽഹിയിലെ മുഴുവൻ സീറ്റും ബി.ജെ.പി സ്വന്തമാക്കും. അതേസമയം, രാഷ്ട്രീയ അനിശ്ചിതത്വം ഏറെയുള്ള മഹാരാഷ്ട്രയിൽ 48ൽ 26ഉം ‘ഇൻഡ്യ’ സഖ്യത്തിന് ലഭിക്കും. തെലങ്കാനയിൽ കോൺഗ്രസ് സഖ്യം 41 ശതമാനം വോട്ടുപിടിക്കുമെന്നും സർവേ പ്രവചിക്കുന്നു.
അതേസമയം, മോദിയുടെ ജനപ്രീതി രാമക്ഷേത്ര നിർമാണത്തിലൊതുങ്ങി. 42 ശതമാനം ആളുകളും മോദിയെ ഇഷ്ടപ്പെടുന്നത് അയോധ്യയിലെ പ്രകടനം കൊണ്ടാണ്. അഴിമതിക്കെതിരായ പോരാട്ടത്തിന് അഞ്ച് ശതമാനവും കോവിഡ് കാലത്തെ പ്രവർത്തനത്തിന് ആറ് ശതമാനം വോട്ടും മാത്രമാണ് ലഭിച്ചത്. എന്നാൽ, കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിക്ക് 12 ശതമാനം വോട്ട് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.