രാഷ്ട്രപതി സ്ഥാനാർഥിയാകില്ല; അഭ്യൂഹങ്ങൾ തള്ളി എൻ.സി.പി നേതാവ് ശരദ് പവാർ
text_fieldsമുംബൈ: 2022ൽ രാഷ്ട്രപതി സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി എൻ.സി.പി തലവൻ ശരദ് പവാർ. രാഷ്ട്രപതി സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പരന്നതോടെയായിരുന്നു പാർട്ടി വൃത്തങ്ങളുടെ പ്രതികരണം.
പാർലമെന്‍റിൽ ബി.ജെ.പിക്ക് 300ലധികം അംഗങ്ങൾ ഉള്ളപ്പോൾ മത്സരത്തിനിറങ്ങുന്നതിന്‍റെ അനന്തരഫലം മുൻകൂട്ടി കാണുന്നതിനാലാണ് പവാറിന്‍റെ പിന്മാറ്റമെന്ന് അടുത്ത വൃത്തങ്ങൾ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞദിവസങ്ങളിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും പവാറും രണ്ടുവട്ടം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ കിഷോർ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ രാഷ്ട്രപതി സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുകയായിരുന്നു.
ഇതോടെ തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും താൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും വ്യക്തമാക്കി പവാർ തന്നെ രംഗത്തെത്തുകയായിരുന്നു. പ്രശാന്ത് കിഷോറുമായി രാഷ്ട്രപതി തെരെഞ്ഞടുപ്പ് സംബദ്ധിച്ചല്ല, 2024ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ചർച്ച നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.