മൊബൈൽ നമ്പറല്ല, ഇനി പേര്ഫോൺ സ്ക്രീനിൽ വൈകാതെ തെളിയും
text_fieldsന്യൂഡൽഹി: ആരാണ് ഫോൺ വിളിച്ചതെന്ന് അറിയാൻ ട്രൂകോളറിന്റെയോ സൈബർ വിദഗ്ധന്റെയോ സഹായം തേടേണ്ട കാലം കഴിയുന്നു. നമ്പറിന് പകരം വിളിക്കുന്നയാളുടെ പേര് ഫോൺ സ്ക്രീനുകളിൽ തെളിയുന്നത് കാണാൻ ഏറെനാൾ കാത്തിരിക്കേണ്ടിവരില്ല. ഇതോടെ അജ്ഞാതരുടെ നമ്പറുകളും ഫോൺ വിളികൾ വഴിയുള്ള തട്ടിപ്പുകളും അവസാനിക്കുമെന്നാണ് കരുതുന്നത്.
വിളിക്കുന്നയാൾ മൊബൈൽ നമ്പർ എടുക്കാൻ നൽകിയ രേഖയിലെ (കെ.വൈ.സി ഡാറ്റ) പേരാണ് തെളിയുക. ടെലികോം വകുപ്പിൽനിന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)ക്ക് ഇതുസംബന്ധിച്ച നിർദേശം ലഭിച്ചു. കൂടിയാലോചന ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് ട്രായ് ചെയർമാൻ പി.ഡി. വഗേല പറഞ്ഞു.
ടെലികോം വകുപ്പ് മാനദണ്ഡങ്ങൾ പ്രകാരം മൊബൈൽ കമ്പനികൾ ചെയ്യുന്ന കെ.വൈ.സി രേഖകളിലെ പേരാണ് ഫോൺ സ്ക്രീനിൽ ദൃശ്യമാകുകയെന്നും വഗേല വ്യക്തമാക്കി. ശേഖരിച്ചു സൂക്ഷിക്കുന്ന പേരുവിവരങ്ങളിൽനിന്ന് കോളർമാരെ തിരിച്ചറിയുന്ന ട്രൂകോളർ പോലുള്ള ആപ്പുകളേക്കാൾ കൃത്യതയും സുതാര്യതയും കൊണ്ടുവരാനും വിളിക്കുന്നവരെ തിരിച്ചറിയാനും ഈ സംവിധാനം സഹായിക്കും. അനാവശ്യമായ വാണിജ്യ വിളികൾ അല്ലെങ്കിൽ സ്പാം കോളുകളും സന്ദേശങ്ങളും തടയാൻ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയും ട്രായ് നടപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.