'വിനോദ സഞ്ചാര കേന്ദ്രമല്ല'; പഴനി ക്ഷേത്രത്തിൽ അഹിന്ദുകൾക്ക് പ്രവേശം അനുവദിക്കരുതെന്ന് മദ്രാസ് ഹൈകോടതി
text_fieldsമധുര: പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന ഉത്തരവുമായി മദ്രാസ് ഹൈകോടതി. തമിഴ്നാട് എച്ച്.ആർ ആൻഡ് സി.ഇ ഡിപ്പാർട്ട്മെന്റിനാണ് നിർദേശം നൽകിയത്. ക്ഷേത്രത്തിലെ കൊടിമരത്തിനപ്പുറം അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്നാണ് ഉത്തരവ്.
മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് ശ്രീമതിയാണ് ഉത്തരവിറക്കിയത്. ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമല്ലെന്ന് അവർ വ്യക്തമാക്കി. തടസങ്ങളില്ലാതെ ആരാധന നടത്താൻ ഹിന്ദുക്കൾക്ക് അവസരമൊരുക്കണമെന്നും ഉത്തരവിൽ പറയുന്നു.
പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ നീക്കിയതിനെതിരായി ഡി. സെന്തിൽകുമാർ എന്നയാൾ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് ബോർഡ് സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
അതേസമയം, പഴനിക്ഷേത്രത്തിൽ വിശ്വാസമുള്ള അഹിന്ദുവായ ഒരാൾ എത്തുകയാണെങ്കിൽ അവർക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ചും കോടതി വിധിയിൽ പരാമർശമുണ്ട്. ഹിന്ദുമതത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരാൻ തയാറാണെന്ന് അറിയിച്ചെത്തുന്ന അഹിന്ദുവായ ആൾക്ക് പ്രവേശനം അനുവദിക്കാവുന്നതാണെന്ന് വിധിയിൽ പറയുന്നു. ഇത്തരത്തിൽ എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണമെന്നും കോടതി നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.