'ന്നാ താൻ കേസ് കൊടുക്കേണ്ട' എന്ന് സുപ്രീം കോടതി: 'പ്രശസ്തിക്കുവേണ്ടി കേസുമായി കയറിയിറങ്ങേണ്ട സ്‍ഥലമല്ല കോടതികൾ'
text_fieldsന്യൂഡൽഹി: പൊതുജനങ്ങൾക്കിടയിൽ പ്രശസ്തി നേടുന്നതിനുവേണ്ടി കയറിയിറങ്ങേണ്ട സ്ഥലമല്ല കോടതികളെന്ന് സുപ്രീം കോടതി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ 'നിയന്ത്രിക്കുന്നത്' ചില കമ്പനികളാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനല്ലെന്നും ചൂണ്ടിക്കാട്ടി ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടി സമർപ്പിച്ച ഹരജി തള്ളിയാണ് സുപ്രീം കോടതിയുടെ പരാമർശം.
തെരഞ്ഞെടുപ്പ് പ്രക്രിയകളുടെ മേൽനോട്ടം വഹിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ദശകങ്ങളായി ഉപയോഗിച്ചുവരുന്നുണ്ടെന്നും ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എ.എസ്. ഓക എന്നിവരടങ്ങുന്ന ബഞ്ച് ചൂണ്ടിക്കാട്ടി.
മധ്യപ്രദേശ് ജൻ വികാസ് പാർട്ടിയാണ് കോടതിയെ സമീപിച്ചത്. ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മധ്യപ്രദേശ് ഹൈകോടതിയിൽ ഇവർ സമർപ്പിച്ച ഹരജി ഡിസംബറിൽ തള്ളിയിരുന്നു. ഇതുചോദ്യം ചെയ്താണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ അംഗീകാരം ലഭിക്കാതിരുന്ന പാർട്ടി ഹരജികൾ നൽകി ജനമധ്യത്തിൽ ശ്രദ്ധ നേടാനാണ് ശ്രമിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ദീർഘനാളായി ഉപയോഗിക്കുന്നുണ്ടെന്നും അപ്പപ്പോൾ ഉണ്ടാകുന്ന പരാതികൾ പരിഹരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.