കോടതി വിധി തിരിച്ചടിയായി കരുതുന്നില്ല; നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ -ബിൽകീസ് ബാനുവിെൻറ ഭർത്താവ്
text_fieldsന്യൂഡൽഹി: കോടതി വിധി തിരിച്ചടിയായി കരുതുന്നില്ലെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിൽകീസ് ബാനുവിെൻറ ഭർത്താവ് യാക്കൂബ് റസൂൽ. തന്നെ കൂട്ടബലാത്സംഗം ചെയ്ത 11 പ്രതികളുടെ മോചനം സംബന്ധിച്ച് ഗുജറാത്ത് സർക്കാരിന് തീരുമാനമെടുക്കാമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ ബിൽകീസ് ബാനു നൽകിയ ഹരജി തള്ളിയ സാഹചര്യത്തിലാണ് യാക്കൂബിെൻറ പ്രതികരണം. ''കുറ്റവാളികളെ മോചിപ്പിച്ചതിൽ ഞങ്ങൾ ദുഃഖിതരാണ്. കോടതി വിധിയിൽ വിശ്വാസമുണ്ട്. പ്രതികളുടെ മോചനത്തെ ചോദ്യം ചെയ്ത് ഹരജി നൽകിയിട്ടുണ്ട്. അത് ജനുവരി ആദ്യവാരം പരിഗണിക്കുമെന്നാണ് അഭിഭാഷക പറഞ്ഞത്.
ഈ വർഷം മേയിൽ നൽകിയ സുപ്രീംകോടതി ഉത്തരവിെൻറ പുനഃപരിശോധന ഹരജിയാണ് തള്ളിയത്. ഞങ്ങളിൽ നിന്ന് തട്ടിയെടുത്ത നീതി കോടതി പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ...ഒരു പക്ഷേ അന്ന് ബിൽകീസ് ബാനുവിന് ഉറങ്ങാൻ കഴിഞ്ഞേക്കും.''-യാക്കൂബ് പറഞ്ഞു.
അതേസമയം, 2022 മേയ് 13ലെ സുപ്രീംകോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഹരജി തള്ളിയത്, കുറ്റവാളികളുടെ മോചനത്തെ ചോദ്യം ചെയ്ത റിട്ട് ഹരജിക്ക് നിയമപരമായ തിരിച്ചടിയല്ലെന്ന് ബിൽകീസ് ബാനുവിെൻറ അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞു.
മോചനം തേടി പ്രതികളിലൊരാളായ രധേശ്യാം നൽകിയ ഹരജിയിൽ ഗുജറാത്ത് സർക്കാരിന് തീരുമാനമെടുക്കാം എന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. മഹാരാഷ്ട്രയിൽ വിചാരണ പൂർത്തിയായ കേസിലെ പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിൽകീസ് ബാനു പുനഃപരിശോധന ഹരജി നൽകിയത്. ഇതാണ് തള്ളിയത്.11 പ്രതികളുടെ മോചനം പുനഃപരിശോധന ഹരജിയുടെ പരിധിയിൽ പെടുന്നതല്ലെന്ന് അഭിഭാഷക വ്യക്തമാക്കി. അത് റിട്ട് ഹരജിയിൽ ഉന്നയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.