‘പ്രജ്വലിന്റേത് ലൈംഗികാപവാദമല്ല, കൂട്ട ബലാത്സംഗം, അയാൾക്ക് വേണ്ടിയാണ് മോദി വോട്ട് തേടുന്നത്’; പരിഹാസവുമായി രാഹുൽ ഗാന്ധി
text_fieldsശിവമൊഗ്ഗ (കർണാടക): ഹാസനിലെ എൻ.ഡി.എ സ്ഥാനാർഥിയും ജെ.ഡി.എസ് എം.പിയുമായ പ്രജ്വൽ രേവണ്ണയുടേത് വെറും ലൈംഗികാപവാദമല്ലെന്നും കൂട്ട ബലാത്സംഗമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജെ.ഡി.എസുമായി സഖ്യമുണ്ടാക്കി കൂട്ടബലാത്സംഗക്കേസ് പ്രതിക്ക് വോട്ട് തേടുകയാണ് ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമെന്നും കർണാടകയിലെ ശിവമൊഗ്ഗയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം വിമർശിച്ചു.
‘കൂട്ട ബലാത്സംഗം നടത്തിയയാൾക്ക് വേണ്ടി വോട്ട് തേടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അവരുടെ അശ്ലീല വിഡിയോകൾ പകർത്തുകയും ചെയ്തയാളാണ് പ്രജ്വൽ രേവണ്ണ. നിറഞ്ഞ വേദിയിൽനിന്ന് ബലാത്സംഗിയായ ഒരാളെ പിന്തുണക്കാൻ പറയുന്ന നരേന്ദ്ര മോദി, നിങ്ങൾ അയാൾക്ക് വോട്ട് ചെയ്താൽ അത് എനിക്ക് സഹായകമാകുമെന്നാണ് പറയുന്നത്. എല്ലാവിധ സംവിധാനങ്ങളുമുണ്ടായിട്ടും അയാൾ ജർമനിയിലേക്ക് കടക്കുന്നത് മോദി തടഞ്ഞില്ല. ഇതാണ് മോദിയുടെ ഗ്യാരണ്ടി. നേതാവ് അഴിമതിക്കാരനാണെങ്കിലും കൂട്ട ബലാത്സംഗം ചെയ്തയാളാണെങ്കിലും ബി.ജെ.പി അയാളെ സംരക്ഷിക്കും’ -രാഹുൽ പറഞ്ഞു.
നിരവധി അശ്ലീല വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരികയും വീട്ടുജോലിക്കാരി ലൈംഗികാതിക്രമ പരാതി നൽകുകയും ചെയ്തതോടെ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് കടന്ന പ്രജ്വൽ രേവണ്ണക്കെതിരെ പ്രത്യേകാന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ പ്രജ്വൽ രേവണ്ണക്കും പിതാവും എം.എൽ.എയുമായ രേവണ്ണക്കും പ്രത്യേകാന്വേഷണസംഘം കഴിഞ്ഞ ദിവസം സമൻസയച്ചിരുന്നു. ഇതിനിടെ പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കുകയും ചെയ്തു.
പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വിഡിയോകളെ കുറിച്ച് 2023 ഡിസംബര്‍ എട്ടിന് കര്‍ണാടകയിലെ ബി.ജെ.പി നേതാവും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഹൊലെനർസിപുരയിൽ സ്ഥാനാർഥിയുമായിരുന്ന ദേവരാജ ഗൗഡ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് അയച്ച കത്ത് കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തുവിട്ടിരുന്നു. തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ ആകെ 2976 വിഡിയോകളുണ്ടെന്നാണ് ദേവരാജ ഗൗഡ കത്തില്‍ പറഞ്ഞിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളടക്കമുള്ളവരുമായി 33കാരൻ ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിതെന്നും വിഡിയോകൾ സൂക്ഷിച്ചുവെച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗിക ആവശ്യത്തിന് ഉപയോഗിച്ചിരുന്നതായും ദേവരാജ ഗൗഡ കത്തിൽ ആരോപിച്ചിരുന്നു. ഇക്കാര്യം ബി.ജെ.പി മറച്ചുവെച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രജ്വലിനൊപ്പം വേദി പങ്കിട്ടതും ആയുധമാക്കിയ കോൺഗ്രസ് പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.