ട്രെയിനുകളിൽ തയാറാക്കിയത് 80,000 കോവിഡ് ബെഡുകൾ, ഉപയോഗിച്ചത് 933 എണ്ണം; ചെലവായത് കോടികൾ
text_fieldsന്യൂഡൽഹി: കോവിഡ് പടർന്നുപിടിച്ചതോടെ ഇന്ത്യൻ റെയിൽവേ രോഗികൾക്കായി ട്രെയിനുകളിൽ തയാറാക്കിയ കിടക്കകൾ ഉപയോഗിച്ചില്ല. രാജ്യമെമ്പാടും 5000കോച്ചുകളിലായി 80,000 കിടക്കകൾ ഒരുക്കിയതിൽ വെറും 933 രോഗികളെ മാത്രമാണ് പ്രവേശിപ്പിച്ചത്. ഇതിൽ റെയിൽവേ സംവിധാനം ഉപയോഗപ്പെടുത്തിയത് ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളും.
മഹാരാഷ്ട്രയിൽ മാത്രം 900നോൺ എ.സി കോച്ചുകളാണ് കോവിഡ് കിടക്കകളാക്കി മാറ്റിയത്. ഒരു ബെഡിൽ പോലും ഒറ്റ രോഗിയെയും പ്രവേശിപ്പിച്ചില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു. താനെ സ്വദേശിയായ രവീന്ദ്ര ഭാഗവതാണ് വിവരാവകാശ നിയമപ്രകാരം മധ്യ, പശ്ചിമ റെയിൽവേയോട് വിവരങ്ങൾ ആരാഞ്ഞത്. റെയിൽവേ ഐസൊലേഷൻ സൗകര്യം ഏർപ്പെടുത്തുന്നതിനായി പശ്ചിമ റെയിൽവേയും മധ്യറെയിൽവേയും ആറുകോടിയിലധികം രൂപയാണ് ചെലവാക്കിയത്.
മാർച്ചിൽ മഹാരാഷ്ട്രയിൽ അടിയന്തര സാഹചര്യം മുന്നിൽകണ്ട് റെയിൽവേ ബോർഡിെൻറ നിർദേശത്തെ തുടർന്ന് മധ്യ റെയിൽവേ 3.8 കോടി രൂപ മുടക്കി 482 കോച്ചുകൾ സജ്ജമാക്കിയിരുന്നു. പശ്ചിമ റെയിൽവേ രണ്ടുകോടി മുടക്കി 410 കോച്ചുകളും കോവിഡ് ചികിത്സക്കായി സജ്ജമാക്കി. ഒരു കോച്ച് ഐസൊലേഷൻ സെൻററാക്കി മാറ്റുന്നതിന് ഏകദേശം 85,000 രൂപ ചെലവ് വരും. ഇനി കോച്ചുകൾ പഴയ പടിയാക്കിയാക്കുന്നതിനും സർവിസുകൾ പുനസ്ഥാപിക്കുന്നതിനും മറ്റു ചിലവുകൾ കൂടി നേരിടേണ്ടിവരും.
അതേസമയം ഫണ്ട് പാഴായെന്ന് പറയാൻ കഴിയില്ലെന്നും സർക്കാർ അടിയന്തരസാഹചര്യം നേരിടുന്നതിനാണ് ഇത്തരം സംവിധാനങ്ങൾ തയാറാക്കിയതെന്നും ഇന്ത്യൻ റെയിൽവേ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.