വിവാഹപ്രായ ഏകീകരണ ബിൽ പരിശോധിക്കുന്ന സമിതിയിൽ ഒറ്റ വനിതയില്ല
text_fieldsസ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്താനുള്ള നിയമഭേദഗതി ബിൽ പരിശോധിക്കുന്ന 30 അംഗ പാർലമെൻറ് സ്ഥിരസമിതിയിൽ ഒരൊറ്റ വനിതയില്ല. വനിത ശാക്തീകരണം, സ്ത്രീ-പുരുഷ സമത്വം തുടങ്ങിയവ പ്രഖ്യാപിച്ചാണ് ബിൽ മന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ അവതരിപ്പിച്ചത്.
വിദ്യാഭ്യാസം, വനിത-ശിശുക്ഷേമം, യുവജന-കായിക കാര്യങ്ങളുമായി ബന്ധപ്പെട്ട സ്റ്റാൻഡിങ് കമ്മിറ്റിയാണ് ബിൽ പരിശോധിക്കുക. സമിതിയിൽ കേരളത്തിൽ നിന്ന് കോൺഗ്രസിലെ ടി.എൻ. പ്രതാപൻ അംഗമാണ്. ആർ.എസ്.എസ് സൈദ്ധാന്തികനായി അറിയപ്പെടുന്ന ഡോ. വിനയ് സഹസ്രബുദ്ധെയുടെ നേതൃത്വത്തിലുള്ള സമിതിയിൽ ലോക്സഭയിൽ നിന്ന് 11ഉം രാജ്യസഭയിൽ നിന്ന് ഒമ്പതും പേരാണുള്ളത്.
രാഷ്ട്രീയ ലക്ഷ്യത്തോടെ കൊണ്ടുവന്നതെന്ന വിമർശനം നേരിടുന്ന ബിൽ ലോക്സഭയിൽ കീറിയെറിഞ്ഞവരുടെ കൂട്ടത്തിൽ ടി.എൻ. പ്രതാപനും ഉണ്ടായിരുന്നു.
2006ലെ ബാലവിവാഹ നിരോധന നിയമത്തിൽ ഭേദഗതി വരുത്തിയാണ് ബാലവിവാഹ നിരോധന നിയമഭേദഗതി ബിൽ-2021 ബിൽ കൊണ്ടുവിന്നിരിക്കുന്നത്. ഈ ഭേദഗതി ഹിന്ദു, മുസ്ലിം, ക്രൈസ്തവ, പാഴ്സി മത വിഭാഗങ്ങളുടേത് അടക്കം എട്ടു നിയമങ്ങൾക്കു കൂടി ബാധകമാക്കിയിട്ടുണ്ട്. പുതിയ ബില്ലുമായി പെരുത്തപ്പെടാത്ത ഏതു വിവാഹ നിയമവും ആചാരവും കീഴ്വഴക്കവും അസാധുവാക്കുന്ന വിധം ബാലവിവാഹ നിരോധന നിയമത്തിൽ '14-എ' എന്ന പുതിയ വകുപ്പ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവാഹവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങൾക്കും ആചാരരീതികൾക്കും മുകളിലായിരിക്കും ഈ നിയമം. അതിനനുസരിച്ച് വിവിധ നിയമങ്ങളിൽ വരുത്തുന്ന ഭേദഗതികളും 10 പേജ് വരുന്ന ബില്ലിന്റെ ഭാഗമാണ്. ജമ്മു-കശ്മീർ മുതൽ പുതുച്ചേരി വരെ എല്ലാ പ്രദേശങ്ങൾക്കും ബാധകമാണ്. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച് രണ്ടു വർഷത്തിനു ശേഷം മാത്രമാണ് നിയമഭേദഗതിക്ക് പ്രാബല്യം നൽകുകയെന്ന് ബില്ലിൽ വിശദീകരിച്ചു.
നിയമ ഭേദഗതി ബിൽ ഒമ്പത് നിയമങ്ങൾക്ക് ബാധകം
1. ബാല വിവാഹ നിരോധന നിയമം -2006
2. മുസ്ലിം വ്യക്തി നിയമ (ശരീഅത്ത്) പ്രയോഗ നിയമം -1937
3. ഇന്ത്യൻ ക്രൈസ്തവ വിവാഹ നിയമം -1872
4. പാഴ്സി വിവാഹ-വിവാഹ മോചന നിയമം -1936
5. പ്രത്യേക വിവാഹ നിയമം -1954
6. ഹിന്ദു വിവാഹ നിയമം -1955
7. ഹിന്ദു ന്യൂനപക്ഷ-രക്ഷാകർതൃ നിയമം -1956
8. ഹിന്ദു ദത്ത്-ജീവനാംശ നിയമം -1956
9. വിദേശി വിവാഹ നിയമം -1969
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.