"ഇത് തെരഞ്ഞെടുപ്പാണ്, ടി.വി സീരിയലല്ല"; സുഭാഷ് ചന്ദ്രയെ പരിഹസിച്ച് സച്ചിന്‍ പൈലറ്റ്
text_fieldsജയ്പൂർ: രാജസ്ഥാനിലെ രാജ്യസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മാധ്യമ ഉടമ സുഭാഷ്ചന്ദ്രക്കെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. രാജ്യസഭ തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറുന്നതാണ് സുഭാഷ് ചന്ദ്രക്ക് നല്ലതെന്നും രാഷ്ട്രീയം ഒരു ടി.വി സീരിയൽ നിർമിക്കുന്നത് പോലെയല്ലെന്നും അദ്ദേഹം പറഞ്ഞു. സ്വയം അപമാനിതനാകുന്നതിനേക്കാൾ അൽപം വിനയം കാണിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എട്ട് കോൺഗ്രസ് എം.എൽ.എമാർ രാജ്യസഭ തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യുമെന്ന് നേരത്തെ സുഭാഷ് ചന്ദ്ര അവകാശവാദമുന്നയിച്ചിരുന്നു. സച്ചിന്‍ പെലറ്റിന് താന്‍ നേരിട്ട അപമാനങ്ങളിൽ പ്രതികാരം ചെയ്യാനുള്ള അവസരമാണിതെന്നും കക്ഷി ചേരാൻ പൈലറ്റിനോട് ആവശ്യപ്പെട്ടതായും ചന്ദ്ര പറഞ്ഞിരുന്നു. എന്നാൽ, സച്ചിന്‍ പൈലറ്റ് ഈ വാദങ്ങൾ തള്ളി.
ജൂൺ പത്തിന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർഥിയായാണ് മാധ്യമ മുതലാളി സുഭാഷ് ചന്ദ്ര മത്സരിക്കുന്നത്. ബി.ജെ.പിയും നാഷനൽ ഡെമോക്രാറ്റിക് പാർട്ടിയും അദ്ദേഹത്തെ പിന്തുണക്കുന്നതായി അറിയിച്ചിരുന്നു.
108 എം.എൽ.എമാരുള്ള കോൺഗ്രസിന് രണ്ട് രാജ്യസഭ സീറ്റുകളിൽ വിജയപ്രതീക്ഷയുണ്ടെങ്കിലും മൂന്നാമത്തെ സീറ്റ് നേടാൻ സ്വതന്ത്രരുടെയും മറ്റ് പാർട്ടികളുടെയും പിന്തുണ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.