രാഹുലോ മറ്റ് നേതാക്കളോ അല്ല കാരണക്കാർ; കോൺഗ്രസ് വിട്ടതെന്തിനെന്ന് വ്യക്തമാക്കി ജിതിൻ പ്രസാദ
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതൃത്വമോ രാഹുൽ ഗാന്ധിയോ അല്ല താൻ പാർട്ടി വിട്ടതിന്‍റെ കാരണക്കാരെന്ന് ബി.ജെ.പിയിൽ ചേർന്ന മുൻ കേന്ദ്ര മന്ത്രി ജിതിൻ പ്രസാദ. ജനങ്ങൾ നരേന്ദ്ര മോദിക്കൊപ്പമാണ്. ജനങ്ങളെ സേവിക്കുകയാണ് എന്‍റെ ലക്ഷ്യം -അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വൃത്തങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് പ്രധാന നേതാക്കളിലൊരാളായ ജിതിൻ പ്രസാദ കഴിഞ്ഞ ദിവസം ബി.ജെ.പിയിലേക്ക് മാറിയത്.
'രാഹുൽ ഗാന്ധിയോ മറ്റേതെങ്കിലും നേതാവോ അല്ല എന്‍റെ പാർട്ടിമാറ്റത്തിന് കാരണം. കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്ന് ഞാൻ ഒരിക്കലും പറയില്ല. കേന്ദ്ര മന്ത്രി സ്ഥാനത്തുവരെ എത്തി. മൂന്നു പതിറ്റാണ്ടോളം ജനസേവകനായി. എന്നാൽ, ഇപ്പോൾ പാർട്ടി പ്രവർത്തനം ദുഷ്കരമായി. ജനങ്ങൾ നരേന്ദ്ര മോദിക്കൊപ്പമാണെന്ന് ഞാൻ കരുതുന്നു. ജനങ്ങളെ സേവിക്കാനായാണ് ഞാൻ ബി.ജെ.പിയിലേക്ക് മാറിയത്' -ജിതിൻ പ്രസാദ എൻ.ഡി.ടി.വിയോട് പറഞ്ഞു.
കോൺഗ്രസ് വിടുന്നതിന് മുമ്പായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുമായോ ആഭ്യന്തരമന്ത്രി അമിത് ഷായുമായോ താൻ ഒരു ധാരണയുമുണ്ടാക്കിയിട്ടില്ല. ബി.ജെ.പി നേതൃത്വം എന്ത് നിർദേശമാണോ നൽകുന്നത് അതനുസരിച്ച് പ്രവർത്തിക്കും -ജിതിൻ പ്രസാദ പറഞ്ഞു.
ഒരുകാലത്ത് രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്ന 47കാരനായ നേതാവിന്‍റെ കൂടുമാറ്റം കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ എ.ഐ.സി.സിയുടെ ചുമതല വഹിച്ചിരുന്ന വ്യക്തിയാണ് ജിതിൻ പ്രസാദ. മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിൽ സ്റ്റീൽ, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു.
ഉത്തർപ്രദേശ് കോൺഗ്രസിലെ നട്ടെല്ലായിരുന്നു ജിതിൻ പ്രസാദ. അടുത്ത വർഷം ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജിതിൻ പ്രസാദയുടെ ബി.ജെ.പിയിലേക്കുള്ള ചേക്കേറൽ. നേരത്തേ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്ത് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 കോൺഗ്രസ് നേതാക്കളിൽ ജിതിൻ പ്രസാദയും ഉൾപ്പെടും.
അതേസമയം, യു.പിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടുള്ള അമർഷം പേറുന്ന ബ്രാഹ്മണ വിഭാഗത്തെ തൃപ്തിപ്പെടുത്താൻ കോൺഗ്രസിൽനിന്ന് എത്തിയ ജിതിൻ പ്രസാദയെ പ്രയോജനപ്പെടുത്താമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി നേതൃത്വം. 13 ശതമാനം വരുന്ന ബ്രാഹ്മണർക്ക് ഠാകുർ വിഭാഗക്കാരനായ യോഗിയെ വീണ്ടും മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുന്നത് ഇഷ്ടമല്ല. കാവിപുതച്ച ജിതിന് പാർട്ടിയിൽ മെച്ചപ്പെട്ട റോൾ നൽകി അവർക്കിടയിൽ അവതരിപ്പിക്കാനാണ് ബി.ജെ.പി നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.