ഐ.പി.എസ് ഉദ്യോഗസ്ഥരെ തിരിച്ചയക്കില്ല; കോടതിയെ സമീപിക്കും, കേന്ദ്രത്തെ തള്ളി മമത സർക്കാർ
text_fieldsകൊൽക്കത്ത: മമതയും കേന്ദ്രവും തമ്മിലുള്ള തർക്കം തുറന്ന ഏറ്റുമുട്ടലിലേക്ക്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍റെ വാഹനവ്യൂഹത്തിനുനേരെ നടന്ന ആക്രമണത്തെതുടർന്ന് 3 ഐ.പി.എസ് ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാനുള്ള കേന്ദ്രം നീക്കം തള്ളി മമത സർക്കാർ. സംസ്ഥാനത്ത് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും തിരിച്ചയക്കില്ലെന്നും കാണിച്ച് മമത ബാനർജി കേന്ദ്രത്തിന് കത്തയച്ചു.
കേന്ദ്ര നീക്കം പക പോക്കലാണെന്നും കോടതിയെ സമീപിക്കുമെന്നും കത്തിൽ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ബംഗാൾ ചീഫ് സെക്രട്ടറി അൽപാൻ ബന്ദോപാധ്യായയും ഡി.ജി.പിയും തിങ്കളാഴ്ച ഡൽഹിയിൽ എത്തണമെന്ന് കേന്ദ്രം നിർദേശിച്ചു. ഈ നിര്‍ദേശം മമത സർക്കാർ തള്ളിക്കളഞ്ഞതോടെയാണ് ഐ.പി.എസ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം കേന്ദ്രം തിരിച്ചുവിളിച്ചത്.
പശ്ചിമ ബംഗാള്‍ റെയ്ഞ്ച് ഐ.ജി രാജീവ് മിശ്ര, ഡി.ഐ.ജി പ്രവീണ്‍ ത്രിപാഠി, എസ്.പി ഭോലാനാഥ് പാണ്ഡെ എന്നിവരെയാണ് തിരിച്ചുവിളിച്ചത്. സാധാരണ അതാതു സംസ്ഥാന സർക്കാറുകളുടെ അനുമതിയോടെയാണ് കേന്ദ്രം ഡെപ്യൂട്ടഷനിലേക്ക് ഐ.പി.എസ് ഉദ്യോഗസ്ഥരെ വിളിക്കാറുള്ളത്. എന്നാൽ മമത സർക്കാറിന്‍റെ അനുമതിയില്ലാതെയായിരുന്നു കേന്ദ്രത്തിന്‍റെ പുതിയ നീക്കം.
കഴിഞ്ഞ 10ന് സൗത്ത് 24 പർഗാനയിലെ ഡയമണ്ട് ഹാർബറിനടുത്തുള്ള സിറാക്കലിൽ വെച്ചായിരുന്നു നദ്ദയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കാറിന്‍റെ ചില്ല് തകർന്നിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബംഗാളിലെത്തിയതായിരുന്നു നദ്ദ. ബുള്ളറ്റ്പ്രൂഫ് കാറിലായിരുന്ന കല്ലേറിൽ നദ്ദക്ക് പരിക്കേറ്റിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.