പൊതുനന്മക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കാമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
text_fieldsന്യൂഡൽഹി: സ്വകാര്യ ഭൂമി പൊതുനന്മക്കായി ഏറ്റെടുത്ത് പുനർവിതരണം ചെയ്യാമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ചിന്‍റേതാണ് നിർണായക ഉത്തരവ്. സ്വകാര്യസ്ഥലം പൊതുനന്മക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ സര്‍ക്കാറുകള്‍ക്ക് കഴിയുമോ എന്നത് സംബന്ധിച്ച വിഷയത്തിലാണ് ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്. ഭരണഘടനയുടെ അനുച്ഛേദം 39 (ബി) പ്രകാരം എല്ലാ സ്വകാര്യ സ്വത്തുകളും സമൂഹത്തിന്‍റെ ഭൗതിക വിഭവങ്ങളായി കണക്കാക്കാന്‍ ആകുമെന്ന 1978ലെ വിധിയാണ് റദ്ദാക്കിയത്.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എഴുതിയ വിധിയോട് ബെഞ്ചിലെ ഏഴ് അംഗങ്ങള്‍ പൂര്‍ണമായും യോജിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്‌ന ഭാഗികമായി ചീഫ് ജസ്റ്റിസ് എഴുതിയ ഭൂരിപക്ഷ വിധിയോട് യോജിച്ചു. അതേസമയം, ബെഞ്ചിലെ അംഗമായ സുധാന്‍ഷു ദുലിയ ഭൂരിപക്ഷ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി ഭിന്നവിധി എഴുതി. എന്നാൽ, സ്വകാര്യ ഭൂമികളിൽ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി നിരീക്ഷിച്ചു.
1978ൽ അന്നത്തെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരാണ് സ്വകാര്യ സ്വത്തുക്കൾ ജനനന്മക്കായി ഏറ്റെടുക്കാമെന്ന വിധി പുറപ്പെടുവിച്ചത്. അന്നത്തെ വിധിയില്‍ കൃഷ്ണയ്യര്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെ സംബന്ധിച്ച് ഊന്നി പറഞ്ഞിരുന്നു. എന്നാല്‍, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകള്‍ നിലവിലെ സാഹചര്യത്തില്‍ പിന്തുടരാന്‍ കഴിയില്ലെന്ന് ഭരണഘടന ബെഞ്ച് വ്യക്തമാക്കി. 1960കളിലും 1970കളിലും സോഷ്യലിസ്റ്റ് സാമ്പത്തിക ചിന്താഗതിയിലായിരുന്നു രാജ്യം. എന്നാല്‍, 1990കള്‍ക്ക് ശേഷം വിപണി കേന്ദ്രീകൃത സാമ്പത്തിക മാതൃകയിലേക്ക് രാജ്യം കടന്നെന്നും ബെഞ്ച് നിരീക്ഷിച്ചു. വികസ്വര രാജ്യമെന്ന നിലയില്‍ ഓരോ ഘട്ടത്തിലുമുള്ള വെല്ലുവിളികള്‍ നേരിടാനാണ് സാമ്പത്തിക മേഖലയിലെ ഈ മാറ്റമെന്നും കോടതി വ്യക്തമാക്കി.
വിധി നിലനിൽക്കുന്നത് സ്വകാര്യ വ്യക്തികൾക്ക് തിരിച്ചടിയാണെന്നും സ്വകാര്യ നിക്ഷേപത്തെ അകറ്റുമെന്നും നേരത്തെ കേസ് പരിഗണിച്ചപ്പോൾ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ തുടർച്ചായായാണ് വിധി. എല്ലാ തരത്തിലുമുള്ള ഭൂമി ഏറ്റെടുക്കുന്നത് സാധാരണക്കാരെ ബാധിക്കുമെന്നതിനാൽ ഏറ്റെടുക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.