സ്വകാര്യ ഉടമസ്ഥതയിലുള്ള എല്ലാ സ്വത്തുക്കളും സർക്കാറിന് ഏറ്റെടുക്കാനാവില്ല -സുപ്രധാന വിധിയിൽ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: എല്ലാ സ്വകാര്യ സ്വത്തും സർക്കാറുകൾക്ക് പൊതുവിഭവമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി വിശാല ബെഞ്ച്. സാമൂഹിക നന്മക്കായി സ്വകാര്യ സ്വത്ത് പൊതുവിഭവമായി കണക്കാക്കാമെന്ന 1977ലെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ വിധിയിൽ വിയോജിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ചിൽ ഏഴുപേർ സംയുക്ത വിധി പുറപ്പെടുവിച്ചത്. വിധിയെ ജസ്റ്റിസ് ബി.ആർ. നാഗരത്ന വിയോജിപ്പുകളോടെ പിന്തുണച്ചപ്പോൾ ജസ്റ്റിസ് ധൂലിയ എതിർത്തു.
സ്വകാര്യ സ്വത്ത് പൊതുനന്മ കണക്കിലെടുത്ത് പുനർവിതരണം ചെയ്യാൻ സർക്കാറുകൾക്ക് അധികാരമുണ്ടോ എന്ന വിഷയമാണ് വിശാല ബെഞ്ച് പരിഗണിച്ചത്. സ്വകാര്യ വ്യക്തികൾ കൈയാളുന്ന വനം, ധാതുക്കൾ, കുളങ്ങൾ, തണ്ണീർതടങ്ങൾ, പ്രകൃതിവിഭവങ്ങൾ, സ്പെക്ട്രം എന്നിവ ആർട്ടിക്കിൾ 39(ബി) യുടെ പരിധിയിൽവരുമെന്നും വിധിയിൽ വ്യക്തമാക്കി.
പൊതുനന്മക്ക് വിഭവങ്ങൾ ഉപയോഗിക്കുമ്പോൾ, സ്വഭാവം, സവിശേഷതകൾ, സാമൂഹിക ക്ഷേമത്തിൽ അതിന്റെ പങ്ക്, ദൗർലഭ്യം എന്നിവ പരിശോധിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. മുംബൈയിലെ പ്രോപ്പര്ട്ടി ഓണേഴ്സ് അസോസിയേഷന് അടക്കമുള്ളവർ സമർപ്പിച്ച ഹരജികളിലാണ് വിധി.
ജസ്റ്റിസ് കൃഷ്ണയ്യരടക്കമുള്ളവരുടെ വിധികളിൽ ആർട്ടിക്കിൾ 39 (ബി) വിശദീകരിച്ചത് ചില പ്രത്യേക സാമ്പത്തിക ശാസ്ത്രങ്ങളോട് യോജിച്ചും സ്വകാര്യ സ്വത്ത് ഏറ്റെടുക്കുന്നതിലൂടെ രാജ്യനന്മ വിഭാവനം ചെയ്യുന്ന സാമ്പത്തിക വ്യവസ്ഥയിൽ വിശ്വസിച്ചുകൊണ്ടുമാണെന്ന് ചീഫ് ജസ്റ്റിസ് വിലയിരുത്തി.
പൊതുവിഭവമായി സ്വകാര്യ സ്വത്തുക്കളെ കണക്കാക്കുന്ന സമീപനം പിന്തുടരുന്നത് ഏതെങ്കിലുമൊരു സാമ്പത്തിക പ്രത്യശാസ്ത്രത്തെയോ നിയതമായ സാമ്പത്തിക ഘടനയെയോ പിന്തുണക്കലാകും. പ്രത്യേക സാമ്പത്തിക നയം മുന്നോട്ട് വെക്കലല്ല കോടതിയുടെ ചുമതലയെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു. 1992ൽ ഫയൽ ചെയ്ത ഹരജി 2002ലാണ് ഒമ്പത് അംഗ ബെഞ്ചിന്റെ പരിഗണനക്കെത്തിയത്.
കൃഷ്ണയ്യർക്കെതിരെ വിമർശനം വസ്തുതകൾ പരിഗണിക്കാതെ -ജസ്റ്റിസ് നാഗരത്ന
ന്യൂഡൽഹി: ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധിയിൽ ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം ന്യായരഹിതവും നീതീകരിക്കാനാവാത്തതുമാണെന്ന് ജസ്റ്റിസ് നാഗരത്ന. പൂർവികരുടെ വിധികളെ ആ കാലഘട്ടത്തിന്റെ സ്വഭാവം പരിഗണിക്കാതെ നിരീക്ഷിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ജസ്റ്റിസ് നാഗരത്ന വിയോജനക്കുറിപ്പിൽ പറഞ്ഞു.
അതത് കാലഘട്ടങ്ങളിൽ രാജ്യം പിന്തുടരുന്ന സാമൂഹിക-സാമ്പത്തിക നയങ്ങളും ഭരണഘടന വിശദീകരിക്കുന്ന രീതിയുമെല്ലാം വിധിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 1991ലെ സാമ്പത്തിക പരിഷ്കാരങ്ങളിൽ ഊന്നി മുൻകാല ന്യായാധിപന്മാരെ ഭരണഘടനയെ ദ്രോഹിച്ചവർ എന്ന് വിശേഷിപ്പിച്ചു കൂടാ എന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.