'ജനാധിപത്യം കഴുത്തുഞെരിച്ച് കൊല്ലപ്പെടുന്നത് കണ്ണുകൊണ്ട് കണ്ടു'; വാരണാസിയിൽ മോദിക്കെതിരെ പത്രിക നൽകാൻ അനുവദിച്ചില്ലെന്ന് ശ്യാം രംഗീല
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന യു.പിയിലെ വാരണാസി ലോക്സഭ സീറ്റിൽ നാമനിർദേശ പത്രിക നൽകാൻ തന്നെ അനുവദിച്ചില്ലെന്ന പരാതിയുമായി കൊമേഡിയനും മോദിയുടെ വിമർശകനുമായ ശ്യാം രംഗീല. രാജ്യത്ത് ജനാധിപത്യം കഴുത്തുഞെരിച്ച് കൊല്ലപ്പെടുന്നത് താൻ സ്വന്തം കണ്ണുകൊണ്ട് കണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് ശ്യാം രംഗീല നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
വാരണാസിയിൽ ഇന്നായിരുന്നു പത്രിക നൽകാനുള്ള അവസാന ദിവസം. മേയ് 10 മുതൽ താൻ പത്രിക നൽകാൻ ശ്രമിക്കുകയാണെന്ന് ശ്യാം രംഗീല പറഞ്ഞു. എന്നാൽ ചില ഒഴികഴിവുകൾ പറഞ്ഞ് അധികൃതർ നിരുത്സാഹപ്പെടുത്തുകയായിരുന്നു. തന്നെപ്പോലെ നിരവധി പേർ ജില്ല മജിസ്‌ട്രേറ്റ് നാമനിർദേശ പത്രിക സ്വീകരിക്കാൻ കാത്തിരിക്കുകയാണെന്നും എന്നാൽ ആരെയും ഓഫിസ് പരിസരത്ത് പ്രവേശിപ്പിക്കുന്നില്ലെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'ഇന്ന് ജനാധിപത്യം കഴുത്തു ഞെരിച്ച് കൊല്ലപ്പെടുന്നത് ഞാൻ സ്വന്തം കണ്ണുകൊണ്ട് കണ്ടു. ഞാനൊരു നേതാവല്ല, ഒരു ഹാസ്യനടനാണ്. എന്നിട്ടും നാമനിർദേശ പത്രിക സമർപ്പിക്കാൻ ഞാൻ പോയി. എന്ത് സംഭവിച്ചാലും വരുന്നിടത്ത് വച്ച് കാണാമെന്ന് ഞാൻ കരുതി. ഫോം വാങ്ങി പൂരിപ്പിച്ചു, പക്ഷേ ആരും അത് സ്വീകരിക്കാൻ തയാറായില്ല. ഞാൻ വീണ്ടും ശ്രമിക്കും'- അദ്ദേഹം വിശദമാക്കി. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷന് ശ്യാം പരാതി നൽകിയിട്ടുണ്ട്.
നോട്ട് നിരോധനം പോലുള്ള വിഷയങ്ങളിൽ യൂട്യൂബിൽ തരംഗമായ നിരവധി മോക്ക് വിഡിയോകളിലൂടെ ജനപ്രിയനായ ഹാസ്യനടനാണ് 29കാരനായ ശ്യാം രംഗീല. മോദിയെ വിമർശിച്ചതിന് സൈബർ ആക്രമണം നേരിട്ടിട്ടുമുണ്ട്. കോമഡിഷോകളിൽ നരേന്ദ്രമോദിയെ അനുകരിക്കരുതെന്ന് നിർദേശം കിട്ടിയതായി നേരത്തെ ശ്യാം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.