നാട്ടിലെത്താൻ കൊതിക്കുന്ന തൊഴിലാളികളോട് മമത ക്രൂരത കാണിക്കുന്നുവെന്ന് അമിത് ഷാ
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ ബംഗാളിലെത്തിക്കാനുള്ള കേന്ദ്രത്തിന്‍റെ നടപടിയോട് മുഖ്യമന്ത്രി സഹകരിക്കുന്നില്ലെന്നാണ് അമിത് ഷായുടെ പരാതി. രാജ്യമെമ്പാടും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളോട് സംസ്ഥാനം കടുത്ത അനീതിയാണ് പുലർത്തുന്നതെന്ന് അമിത് ഷാ മമതാ ബാനർജിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
ഇതുവരെ രണ്ട് ലക്ഷത്തോളം തൊഴിലാളികളെയാണ് കേന്ദ്രസർക്കാർ അവരവരുടെ നാടുകളിലെത്തിച്ചത്. കേന്ദ്രസർക്കാറിനോടുള്ള നിസ്സഹകരണം മൂലം സ്വന്തം നാട്ടിലെത്താൻ കഴിയാത്ത ബംഗാളികളുടെ ബുദ്ധിമുട്ട് മമത കണക്കിലെടുക്കണമെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
കോവിഡ് രോഗബാധ ഉണ്ടായതിനുശേഷം മമത ബാനർജിയും കേന്ദ്രസർക്കാറും തമ്മിൽ പലതവണ അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. സംസ്ഥാനത്തെ രോഗബാധിതരുടേയും മരണനിരക്കിന്‍റേയും കാര്യത്തിൽ മമത സർക്കാർ തെറ്റായ കണക്കുകളാണ് നൽകുന്നതെന്നാണ് കേന്ദത്തിന്‍റെ നിലപാട്. രോഗബാധിതരുടെ എണ്ണക്കുറവ് കാണിക്കുന്നത് കോവിഡ് പരിശോധനകളുട അഭാവമാണെന്നും കേന്ദ്രം കുറ്റപ്പെടുത്തിയിരുന്നു.
ഇതിനിടെ കോവിഡ് ലക്ഷണങ്ങളില്ലാത്ത തൊഴിലാളികളെ രാജസ്ഥാനിൽ നിന്നും ബംഗാളിലെത്തിക്കാൻ ട്രെയിൻ സർവീസ് നടത്തുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. തൊട്ടുപിറകെ കേരളത്തിൽ നിന്നുള്ള തൊഴിലാളികളെ ബംഗാളിലെത്തിക്കുമെന്ന് മമത ബാനർജി ട്വിറ്ററിലൂടെ അറിയിച്ചു. ഇതിനിടെയാണ് ബംഗാൾ സർക്കാറിനെ കുറ്റപ്പെടുത്തി കേന്ദ്രആഭ്യന്തര മന്ത്രി കത്തയച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.