ശ്രീരാമനെയും ഹനുമാനെയും ആരാധിക്കുന്നത് ബി.ജെ.പിയുടെ കുത്തകയല്ല -ഉമാ ഭാരതി
text_fieldsചിന്ദ്വാര: ശ്രീരാമനെയും ഹനുമാനെയും ആരാധിക്കുന്നത് ബി.ജെ.പിയുടെ കുത്തകയല്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ഉമാ ഭാരതി. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽ നാഥ് സംസ്ഥാനത്ത് ഹനുമാൻ ക്ഷേത്രം നിർമിച്ചതു സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
ബി.ജെ.പി അണികളോട് ചുറ്റും നോക്കി ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാൻ പറഞ്ഞതിന് പിറകെയാണ് ഉമാ ഭാരതി വീണ്ടും പാർട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്.
അടുത്തിടെ സംസ്ഥാനത്ത് മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉമാ ഭാാരതി മദ്യശാലക്ക് നേരെ കല്ലെറിഞ്ഞ് വാർത്തകളിൽ ഇടം നേടിയിരുന്നു. നിരോധനം ആവശ്യപ്പെട്ട് അവർ ശിവ് രാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സർക്കാറിനെയും വിമർശിച്ചിരുന്നു.
ഫമധ്യപ്രശേദ് മുൻ മുഖ്യമന്ത്രി കൂടിയായ ഉമാ ഭാരതി, പാർട്ടിയുടെ മുതിർന്ന നേതാവാണ്. പാർട്ടിയിൽ ഒതുക്കപ്പെട്ടതിനാൽ നേതൃത്വത്തവുമായി ഇടഞ്ഞു നിൽക്കുകയാണ് ഉമാ ഭാരതി.
ഹിന്ദുക്കൾ വീട്ടിൽ ആയുധങ്ങൾ സൂക്ഷിക്കണമെന്ന് പ്രഗ്യാ സിങ് താക്കൂറിന്റെ പരാമർശത്തെയും ഉമാ ഭാരതി പിന്തുണച്ചു. രാമൻ വനവാസ കാലത്തുപോലും ആയുധം ഉപേക്ഷിച്ചിട്ടില്ല. ആയുധങ്ങൾ സൂക്ഷിക്കുന്നത് തെറ്റല്ല, എന്നാൽ അക്രമാസക്തമായ ചിന്തകൾ തെറ്റാണ്. - അവർ പറഞ്ഞു.
പത്താൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലും അവർ പ്രതികരിച്ചു. ബി.ജെ.പി സർക്കാറിലെ സെൻസർ ബോർഡ് സിനിമയിലെ അശ്ലീല ദൃശ്യങ്ങൾ ഒഴിവാക്കണം. അതിൽ രാഷ്ട്രീയം കലർത്തേണ്ട ആവശ്യമില്ല. കാവി ഇന്ത്യൻ സംസ്കാരത്തിന്റെ നിറമാണ്. അതിനെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കുകയില്ല. അത്തരം സീനുകൾ സെൻസർ ബോർഡ് ഇടപെട്ട് ഒഴിവാക്കണം. -ഉമാ ഭാരതി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.