ഈസിയല്ല, ബി.ജെ.പിക്ക് ബിഹാർ
text_fieldsന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ നിന്ന് തെരഞ്ഞെടുപ്പുകാലത്ത് പശുപതി കുമാർ പരസ് രാജിവെച്ചത് ബിഹാറിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിനുള്ളിലെ പുകച്ചിൽ പുറത്തുകൊണ്ടുവന്നു. അദ്ദേഹത്തിന്റെ പ്രതിഷേധം കാര്യമായ ചലനമൊന്നും സൃഷ്ടിക്കില്ലെന്നാണ് പുറന്തള്ളിയവരുടെ അനുമാനം. എന്നാൽ നിതീഷ് കുമാർ തിരിച്ചുവന്നതോടെ ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നായ ബിഹാർ തൂത്തുവാരാമെന്ന ബി.ജെ.പി കണക്കുകൂട്ടലിനു മുന്നിൽ തടസ്സങ്ങൾ പലത്.
എൻ.ഡി.എ ശക്തമായ കെട്ടുറപ്പോടെയല്ല തെരഞ്ഞെടുപ്പു കളത്തിൽ നിൽക്കുന്നത്. സീറ്റു കിട്ടാത്ത പരസ് മുന്നണി വിട്ടു. മറ്റൊരുപ്രശ്നം മുഖ്യമന്ത്രി നിതീഷ് കുമാറും ലോക് ജനശക്തി പാർട്ടി നേതാവായ ചിരാഗ് പാസ്വാനുമായുള്ള പോരാണ്. അത് നിയമസഭ തെരഞ്ഞെടുപ്പിലെന്നപോലെ പാരവെപ്പായി മാറാനുള്ള സാധ്യത നിലനിൽക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ നയിക്കുന്ന ജനതാ ദൾ-യുവിന്റെ പല സ്ഥാനാർഥികൾക്കും പാസ്വാന്റെ പാരപ്രയോഗമേറ്റു.
രാംവിലാസ് പാസ്വാൻ നയിച്ച കാലത്തെ ലോക് ജനശക്തി പാർട്ടിയല്ല ഇന്നത്തേത്. പാസ്വാനുള്ള ജനബന്ധം, സിനിമനടൻ കൂടിയായ ചിരാഗ് പാസ്വാൻ ആർജിച്ചിട്ടില്ല. കഴിഞ്ഞ തവണ ആറു സീറ്റിൽ മത്സരിച്ച എൽ.ജെ.പിക്ക് ഇത്തവണ ബി.ജെ.പി നൽകിയത് അഞ്ചു സീറ്റ്. വിമതനായ പരസിനെ പുറന്തള്ളുകയും ചെയ്തു. ഇതിനെല്ലാമിടയിൽ ഏഴു ശതമാനത്തോളംവരുന്ന ദലിത് വോട്ടുകൾ പതിവുപോലെ സമാഹരിക്കാൻ കഴിഞ്ഞെന്നുവരില്ല.
വീണ്ടും ബി.ജെ.പിക്കൊപ്പം കൂടിയ നിതീഷ് കുമാറിന്റെ ജനസമ്മിതി ഇടിഞ്ഞ പ്രശ്നവും ഭരണമുന്നണിയെ വേട്ടയാടുന്നുണ്ട്. നിതിഷ് കൈവിട്ടുപോയ കാലത്ത് അദ്ദേഹത്തിനെതിരെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥയിലാണ് ബി.ജെ.പിയെങ്കിലും, ഉന്നയിച്ച വിഷയങ്ങൾ ജനമധ്യത്തിലുണ്ട്.
എൻ.ഡി.എയിൽ ബി.ജെ.പി കൂടുതൽ സീറ്റോടെ നേതൃപദവി ഏറ്റെടുത്തെങ്കിലും, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി, പ്രതിപക്ഷത്തിരിക്കുന്ന രാഷ്ട്രീയ ജനതാ ദളാണ്. ബി.ജെ.പി രണ്ടാം സ്ഥാനത്തും ജനതാ ദൾ-യു മൂന്നാം സ്ഥാനത്തുമാണ്. ലാലു പ്രസാദിനും മകൻ തേജസ്വി യാദവിനുമെതിരായ മോദിസർക്കാറിന്റെ തുടർച്ചയായ പ്രതികാര നടപടികൾ യാദവ വോട്ടുകളുടെ ഏകീകരണത്തിനുകൂടിയാണ് വഴിയൊരുക്കിയത്.
ആർ.ജെ.ഡി-കോൺഗ്രസ് സഖ്യത്തിനൊപ്പം മൂന്ന് ഇടതു പാർട്ടികൾ കൂടി ചേർന്നത് മഹാസഖ്യത്തിന്റെ വീര്യം വർധിപ്പിക്കുന്നു. മോദിപ്രഭാവമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടു വാരുന്നതെന്ന വ്യാഖ്യാനമാണ് ബി.ജെ.പി നൽകുന്നതെങ്കിലും മഹാസഖ്യം വോട്ടു ശതമാനത്തിൽ മോശമല്ല. ആർ.ജെ.ഡി-കോൺഗ്രസ് സഖ്യം കഴിഞ്ഞ തവണ 31 ശതമാനം വോട്ടു പിടിച്ചെങ്കിൽ, ഇടതിന് 10 ശതമാനത്തോളം വോട്ട് ബിഹാറിലുണ്ട്.
ബീഹാർ കക്ഷിനില
ലോക്സഭ 2019
ബി.ജെ.പി 17
ജെ.ഡി.യു 16
എൽ.ജെ.പി 6
കോൺഗ്രസ് 1
നിയമസഭ 2020
ബി.ജെ.പി 74
ജെ.ഡിയു 43
ആർ.ജെ.ഡി 75
കോൺഗ്രസ് 19
സി.പി.ഐ എം.എൽ 12
സി.പി.ഐ 2
സി.പി.എം 2
മജ്ലിസ് ഇത്തിഹാദ് 5
ബി.എസ്.പി 1
എൽ.ജെ.പി 1
സ്വത. 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.