'മിയ മുസ്‌ലിങ്ങളുടെ വോട്ട് പ്രതീക്ഷിക്കുന്നില്ല, അവരുള്ളത് കൊണ്ട് മെഡിക്കൽ കോളേജുകൾ സന്ദർശിക്കാറില്ല' - അസം മുഖ്യമന്ത്രി
text_fieldsദിസ്പൂർ: തെരഞ്ഞെടുപ്പിൽ മിയ മുസ്‌ലിങ്ങളുടെ വോട്ട് പ്രതീക്ഷിക്കുന്നില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മിയ മുസ്‌ലിങ്ങൾ ഉള്ളത് കൊണ്ട് മെഡിക്കൽ കോളേജുകളിൽ പോലും സന്ദർശനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. മിയ എന്നത് ബംഗാളി ഭാഷ സംസാരിക്കുന്ന അഥവാ ബംഗാൾ വംശജരായ മുസ്‌ലിങ്ങളെ വിശേഷിപ്പിക്കുന്നതാണ്.
"മിയ മുസ്‌ലിങ്ങളിൽ നിന്ന് ഞാൻ വോട്ട് പ്രതീക്ഷിക്കുന്നില്ല. മിയ മുസ്‌ലിങ്ങൾ ഉണ്ടാകുമെന്നത് കൊണ്ട് ഞാൻ മെഡിക്കൽ കോളേജുകളിൽ പോലും സന്ദർശിക്കാറില്ല" - അദ്ദേഹം പറഞ്ഞു. താനും തന്റെ പാർട്ടിയും സംസ്ഥാനത്തെ തദ്ദേശീയ മുസ്‌ലിങ്ങളുടെ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ശർമ പറഞ്ഞു.
അസമിലെ മുസ്‌ലിം സമുദായവുമായി കോൺഗ്രസിനും എ.ഐ.യു.ഡി.എഫിനും ‘വോട്ട് ബന്ധമുണ്ടെന്നും’ വർഷങ്ങളായി ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് അവരിൽ നിന്ന് വോട്ട് തേടുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കുടിയേറ്റ വംശജരായ മുസ്‌ലിങ്ങളുമായി ഇരു പാർട്ടികൾക്കും വോട്ട് ലഭിക്കുന്നതു വരെ ബന്ധമുണ്ടാകുമെന്നും എന്നാൽ അവരുടെ വികസനത്തിനായി ഇരു പാർട്ടികളും ഒന്നും ചെയ്തിട്ടില്ലന്നും ശർമ ആരോപിച്ചു. ഇതിന് ബദലായി അസമിലെ പ്രാദേശിക മുസ്‌ലിങ്ങളുടെ വികസനത്തിനായി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും അവരുടെ വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി എ.ഐ.യു.ഡു.എഫ് നേതാവും എം.പിയുമായ മൗലാന ബദറുദ്ദീൻ അജ്മൽ രംഗത്തെത്തിയിരുന്നു. മിയ മുസ്‌ലിങ്ങൾ തൊഴിലെടുക്കാതെ മെഡിക്കൽ കോളേജുകളിൽ നിന്നും മാറി നിന്നിരുന്നുവെങ്കിൽ ഗുവാഹത്തി ശ്മശാനമായി മാറുമായിരുന്നേനെ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.