സന്തോഷമില്ല, ഭർത്താവിനെ എത്രയും പെട്ടെന്ന് മോചിപ്പിക്കണം -നളിനി ശ്രീഹരൻ
text_fieldsന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ തന്റെ ഭർത്താവുൾപ്പെടെ കോടതി കുറ്റവിമുക്തരാക്കിയ നാല് പേരെയും വിട്ടയക്കണമെന്ന് കേന്ദ്ര സർക്കാറിനോടും സംസ്ഥാന സർക്കാറിനോടും അഭ്യർഥിച്ച് കുറ്റവിമുക്തരായ പ്രതികളിൽ ഒരാളായ നളിനി ശ്രീഹരൻ. ശ്രീഹരൻ ഉൾപ്പെടെ നാലുപേരെ ജയിലിൽ നിന്ന് ഔദ്യോഗികമായി വിട്ടയച്ചിട്ടും തിരുച്ചിറപ്പള്ളിയിലെ പ്രത്യേക അഭയാർഥി ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണെന്ന് നളിനി പറഞ്ഞു. നാലുപേർക്കും ഇന്ത്യയിൽ കഴിയാനാവശ്യമായ രേഖകൾ ഇല്ലെന്നും അനധികൃതമായാണ് കഴിയുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
'എനിക്ക് ഇതുവരെ ഭർത്താവിനെ കാണാൻ സാധിച്ചിട്ടില്ല. അതിനാൽ ഇപ്പോൾ സന്തോഷവതിയല്ല. അദ്ദേഹത്തെ എത്രയും പെട്ടെന്ന് മോചിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം' -തമിഴ്നാട് സർക്കാറിനോട് നളിനി അഭ്യർഥിച്ചു.
ട്രിച്ചിയിൽ പോയി ഭർത്താവിനെ കാണാൻ ശ്രമിക്കുമെന്ന് നളിനി വ്യക്തമാക്കി. 'ഞങ്ങളുടെ കുഞ്ഞ് വിദേശത്താണ്. എന്റെ മകൾ അവളുടെ പിതാവിനെ കാണാൻ കാത്തിരിക്കുകയാണ്. കുടുംബമാണ് എന്റെ മുൻഗണന. ഇപ്പോൾ തന്നെ എന്റെ മുഴുവൻ ജീവിതവും തകർന്നിരിക്കുകയാണ്. അതിനാൽ കുടുംബത്തെ സംരക്ഷിക്കാനാണ് ഇനി ശ്രമിക്കുക' നളിനി മാധ്യമങ്ങളോട് പറഞ്ഞു. നളിനിയുടെ മകൾ ലണ്ടനിലാണ് കഴിയുന്നത്.
ചില ആളുകൾ തങ്ങളെ കുറ്റവിമുക്തരാക്കുന്നത് എതിർത്തതിനാലാണ് രണ്ടുമാസം ഗർഭിണിയായിരിക്കുമ്പോൾ പോലും വധശിക്ഷ വിധിച്ച കുറ്റവാളികളായി കഴിയേണ്ടി വന്നതെന്ന് ജയിലിലായിരിക്കെ നളിനി പറഞ്ഞിരുന്നു. ഞങ്ങൾ കോൺഗ്രസ് കുടുംബമാണ്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടപ്പോൾ ഞങ്ങളുടെ കുടുംബം ദുഃഖത്തിലായിരുന്നു. ഭക്ഷണം പോലും കഴിച്ചില്ല. രാജീവ് ഗാന്ധി വധത്തിൽ എന്റെ പേര് ഉൾപ്പെട്ടത് അംഗീകരിക്കാൻ സാധിക്കില്ല. എനിക്ക് ആ കുറ്റപ്പെടുത്തലിൽ നിന്ന് രക്ഷവേണം എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. ആരാണ് രാജീവ് ഗാന്ധിയെ വധിച്ചതെന്ന് അറിയില്ലെന്നായിരുന്നു അന്ന് നളിനിയുടെ നിലപാട്. 2018 ൽ പ്രിയങ്ക ഗാന്ധി തന്നെ കാണാൻ വന്നിരുന്നെന്നും അവർ വികാരഭരിതയായി കരഞ്ഞുവെന്നും നളിനി പറഞ്ഞിരുന്നു.
എന്നാൽ ജയിൽ മോചിതയായ ശേഷം 1991 ലെ സ്ഫോടനത്തിൽ മരിച്ചവരോട് സഹതാപമുണ്ടെന്ന് നളിനി പറഞ്ഞു. വർഷങ്ങളോളം അതേകുറിച്ച് ഓർത്ത് ഖേദിച്ചുവെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.