മോദിയുടെ ക്രിസ്മസ് വിരുന്നിനെതിരെ ഒപ്പുശേഖരണവുമായി വൈദികർ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്മസ് വിരുന്നിനെതിരെ ഒപ്പുശേഖരണവുമായി ജെസ്യൂട്ട് വൈദികർ. ഫാദർ സെഡ്രിക് പ്രകാശ്, ഫാദർ ലൂയിസ് എന്നിവരുടെ നേതൃത്വത്തിലാണ് കാമ്പയിൻ പുരോഗമിക്കുന്നത്. ഞങ്ങളുടെ പേരിലല്ല! മോദിയുടെ ക്രിസ്മസ് ആഘോഷം ഞങ്ങളുടെ പേരിലല്ല' എന്ന പേരിലാണ് കാമ്പയിൻ പുരോഗമിക്കുന്നത്. ഇതുവരെ 3000 പേരുടെ ഒപ്പ് ഇത്തരത്തിൽ ശേഖരിച്ചുവെന്നാണ് അവകാശവാദം.
ക്രിസ്ത്യാനികൾക്കെതിരായി രാജ്യത്ത് നടക്കുന്ന അതിക്രമങ്ങൾ ഉയർത്തി കാണിക്കാത്ത ബിഷപ്പുമാരുടെ നടപടിയിലും കാമ്പയിൻ നടത്തുന്നവർക്ക് അമർഷമുണ്ട്. നേരത്തെ നരേന്ദ്ര മോദി നടത്തിയ ക്രിസ്മസ് വിരുന്നിൽ ബിഷപ്പുമാരുൾപ്പടെ പങ്കെടുത്തിരുന്നു. മണിപ്പൂരിലടക്കം ക്രിസ്ത്യൻ ന്യൂനപക്ഷം വലിയ രീതിയിൽ ആക്രമണങ്ങൾ നേരിടുന്നതിനിടെ വിരുന്നിൽ ബിഷപ്പുമാർ ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്തത്. ഇതിന് പുറമേ ഇവർ മോദിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലാണ് കാമ്പയിൻ ശക്തമാവുന്നത്.
മതംമാറ്റ നിരോധന നിയമം മതം പ്രചരിപ്പിക്കാനുള്ള മൗലികാവകാശത്തെ തന്നെ ലംഘിക്കുന്ന രീതിയിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാറി. സ്കൂളുകളിൽ ആഘോഷങ്ങൾ നിർത്തിവെപ്പിക്കുന്നു. ഒരു കാരണവുമില്ലാതെ ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയാണെന്നും കാമ്പയിനായി രംഗത്തുള്ളവർ പറയുന്നു.
അതേസമയം, മോദിയുടെ വിരുന്നിന് പിന്നാലെ ഇതിനെ വിമർശിച്ച് കൊണ്ട് ക്രിസ്ത്യൻ സമൂഹത്തിലെ ഒരു വിഭാഗം പത്രസമ്മേളനം നടത്തിയിരുന്നു. മണിപ്പൂരിൽ മെയ്തേയികളും കുക്കികളും തമ്മിലുള്ള സംഘർഷം മുൻനിർത്തിയായിരുന്നു വിമർശനം. ക്രിസ്മസ് ഉൾപ്പടെയുള്ള വിശേഷാവസരങ്ങളിൽ അദ്ദേഹം വീട്ടിലേക്ക് ക്ഷണിക്കുമെങ്കിലും മണിപ്പൂർ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മോദിക്ക് സാധിച്ചില്ലെന്ന് വാർത്താസമ്മേളനത്തിൽ വിമർശനമുയർന്നു.
ഡൽഹിയിൽ നടത്തിയ വാർത്താസമേള്ളനത്തിൽ ആക്ടിവിസ്റ്റുകളായ ഷബാന ഹാഷ്മി, അപൂർവാനന്ദ്, സിസ്റ്റർ മേരി സ്കറി, ആക്ടിവിസ്റ്റി മീനാക്ഷി സിങ്, ഡൽഹി കത്തോലിക ഫെഡറേഷൻ പ്രസിഡന്റ് മിഷേൽ, ആൾ ഇന്ത്യ കത്തോലിക യൂണിയൻ മുൻ പ്രസിഡന്റ് ജോൺ ദയാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.