യോഗങ്ങളിൽ ക്ഷണമില്ല, അഭിപ്രായം ചോദിക്കുന്നില്ല, പിന്നെന്തിനാണ് ഞാൻ? കോൺഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് ഹാർദിക് പട്ടേൽ
text_fieldsന്യൂഡൽഹി: ഗുജറാത്തിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി വർക്കിങ് പ്രസിഡന്‍റ് ഹാർദിക് പട്ടേൽ. യോഗങ്ങളിലേക്ക് തന്നെ ക്ഷണിക്കുന്നില്ലെന്നും അഭിപ്രായം ചോദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ ഹാർദിക്, പാർട്ടിയിൽ പിന്നെന്തിനാണ് താനെന്നും ചോദ്യമുയർത്തി. വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്വന്തം പാർട്ടിയെ വിമർശിച്ച് ഹാർദിക് രംഗത്തെത്തിയത്.
തന്നെ കോൺഗ്രസ് മന:പൂർവം അവഗണിക്കുകയാണെന്ന് ഹാർദിക് ആരോപിക്കുന്നു. വന്ധ്യംകരണത്തിന് വിധേയനായ നവവരനെപ്പോലെയാണ് പാർട്ടിയിൽ തന്‍റെ അവസ്ഥ. തീരുമാനമെടുക്കും മുമ്പ് തന്‍റെ അഭിപ്രായം ചോദിക്കുന്നില്ല. പിന്നെ എന്താണ് ഈ പദവികൊണ്ട് കാര്യം. അടുത്തിടെയായി 75 പുതിയ ജനറൽ സെക്രട്ടറിമാരെയും 25 വൈസ് പ്രസിഡന്‍റുമാരെയും പ്രഖ്യാപിച്ചു. എന്നോട് ചോദിക്കുക പോലും ചെയ്തില്ല. ഏതെങ്കിലും പ്രധാനപ്പെട്ട നേതാക്കൾ ഉൾപ്പെടാതെയായിട്ടുണ്ടോ എന്നെങ്കിലും എന്നോട് ചോദിക്കാമായിരുന്നു -ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഹാർദിക് പറഞ്ഞു.
പാട്ടീദാർ സംവരണ സമരവുമായി ബന്ധപ്പെട്ട കലാപക്കേസിൽ ഹാർദിക് പട്ടേലിന്‍റെ ശിക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. 2015ലെ കലാപക്കേസിൽ 2018ലാണ് മെഹ്സാന സെഷൻസ് കോടതി ഹാർദിക് പട്ടേലിനെ രണ്ടു വർഷം തടവിന് ശിക്ഷിച്ചത്. ശിക്ഷയെ തുടർന്ന് ഹാർദിക് പട്ടേലിന് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിച്ചിരുന്നില്ല. ശിക്ഷ സ്റ്റേ ചെയ്തതോടെ വീണ്ടും മത്സരിക്കാനുള്ള സാഹചര്യമാണ് തെളിഞ്ഞിരിക്കുന്നത്.
പാട്ടീദാർ സംവരണസമര നേതാവായി ഉയർന്നുവന്ന ഹാർദിക്കിനെ 2019ലാണ് കോൺഗ്രസിൽ ചേർത്തത്. രാഹുൽ ഗാന്ധിയുടെ പിന്തുണയും യുവനേതാവിനുണ്ടായിരുന്നു.
ഗുജറാത്തിൽ, പട്ടേൽ സമുദായത്തിലെ മറ്റൊരു പ്രമുഖ നേതാവായ നരേഷ് പട്ടേലിനെ കോൺഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. പ്രമുഖ വ്യവസായി കൂടിയായ ഇദ്ദേഹം കോണ്‍ഗ്രസില്‍ ചേരുമെന്ന് നേതാക്കള്‍ പ്രസ്താവിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നുവെന്ന് നരേഷ് പട്ടേല്‍ അടുത്തിടെ സൂചിപ്പിക്കുകയുമുണ്ടായി.
നരേഷ് പട്ടേലിനെ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നതിൽ ഹാർദിക് പട്ടേലിന് നീരസമുണ്ട്. '2022 തെരഞ്ഞെടുപ്പിൽ നരേഷ് പട്ടേലിനെ കോൺഗ്രസ് മത്സരിപ്പിക്കുമെന്ന് ഞാൻ ടി.വിയിൽ കണ്ടു. ഇനി 2027ൽ തെരഞ്ഞെടുപ്പ് വരുമ്പോൾ മറ്റൊരു പട്ടേലിനെ കോൺഗ്രസ് തിരയാതിരിക്കട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് പാർട്ടി നിലവിലുള്ള നേതാക്കളെ ഉപയോഗപ്പെടുത്താത്തത്?' -ഹാർദിക് പട്ടേൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.