വിശ്വസ്തരെന്ന് കരുതിയ എം.എൽ.എമാർ മാത്രമല്ല, ഉദ്ധവിനെ കൈവിട്ടവരിൽ പാർട്ടി എം.പിമാരും
text_fieldsമുംബൈ: യുദ്ധക്കളത്തിൽ തനിച്ചായ സേനാനായകനെ പോലെയാണ് മഹാരാഷ്ട്രാ രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അവസ്ഥ. വിശ്വസ്തരെന്ന് കരുതിയവർ ഒന്നൊന്നായി എതിർപാളയത്തിലെത്തിയപ്പോൾ നിരായുധനായി നിൽക്കുകയാണ് ശിവസേനയുടെ അമരക്കാരൻ. ശിവസേനക്ക് നിയമസഭയിൽ ആകെയുള്ള 55 എം.എൽ.എമാരിൽ 40 പേരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് വിമതപക്ഷത്തിന് നേതൃത്വം നൽകുന്ന മന്ത്രി ഏക്നാഥ് ഷിൻഡെ അവകാശപ്പെടുന്നത്. ഒടുവിൽ, എം.എൽ.എമാർ ആഗ്രഹിക്കുന്നുവെങ്കിൽ മഹാ വികാസ് അഘാടി സഖ്യം ഒഴിവാക്കാമെന്ന അവസ്ഥയിൽ വരെ ശിവസേന എത്തിനിൽക്കുന്നു.
എ.എൽ.എമാർ മാത്രമല്ല താക്കറെ കുടുംബത്തെ പെരുവഴിയിലാക്കി വിമതപക്ഷത്തേക്ക് നീങ്ങിയത്. ശിവസേനയുടെ ഒരു ഡസനിലേറെ എം.പിമാരും നേതൃത്വത്തിനെതിരായി നിലകൊള്ളുകയാണെന്നാണ് വിവരം. രാജൻ വിചാരെ, ഭാവ്ന ഗാവ്ലി, കൃപാൽ തുമാനെ, ശ്രീകാന്ത് ഷിൻഡെ, രാജേന്ദ്ര ഗവിത്ത് എന്നിവർ ഷിൻഡെക്കൊപ്പമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജൻ വിചാരെയും ശ്രീകാന്ത് ഷിൻഡെയും വിമത എം.എൽ.എമാരെ താമസിപ്പിച്ചിരിക്കുന്ന ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ശിവസേനക്ക് ആകെ 19 എം.പിമാരാണുള്ളത്. അതേസമയം, സഞ്ജയ് റാവുത്ത്, പ്രിയങ്ക ചൗധരി തുടങ്ങിയ എം.പിമാർ ഉദ്ധവിനൊപ്പം ഉറച്ചുനിൽക്കുകയാണ്. ശിവസേന ഒരു വലിയ കുടുംബം പോലെയാണ് പ്രവർത്തിക്കുന്നതെന്നാണ് ഉദ്ധവിന്‍റെ ഇന്നലത്തെ വികാരനിർഭരമായ പ്രസംഗത്തിന് ശേഷം പ്രിയങ്ക ചൗധരി ട്വിറ്ററിൽ കുറിച്ചത്. അതിന്റെ രാഷ്ട്രീയത്തിന് ഉപരി നന്മയാണ് ലക്ഷ്യമാക്കുന്നത്. ബഹുമാനത്തിനും ആദരവിനും വേണ്ടിയാണ് ശിവസൈനികർ പ്രവർത്തിക്കുന്നത്. അധികാരത്തിനായി കൊതിക്കുന്നവരുടെ പ്രവൃത്തികൾ ഈ തത്വം തകർത്തിരിക്കുന്നു. ഇത് പോരാടാനുള്ള സമയമാണ് -പ്രിയങ്ക ചൗധരി പറഞ്ഞു.
വിമതപക്ഷം സമ്മർദ്ദം ശക്തമാക്കുന്നതിനിടെ, മഹാവികാസ് അഖാഡിക്കൊപ്പം ഉറച്ചുനിൽക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. സഖ്യത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കും. നിലവിലെ സഖ്യം മഹാരാഷ്ട്രക്കായി വികസനപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. സർക്കാറിനെ അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി ശ്രമം. കർണാടക, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ അവർ ഇതേ തന്ത്രമാണ് സ്വീകരിച്ചതെന്നും കോൺഗ്രസ് നേതാവ് മല്ലിഖാർജുൻ ഖാർഗെ പറഞ്ഞു. അവസാനം വരെയും ഉദ്ധവിനൊപ്പം ഉറച്ചുനിൽക്കുമെന്ന് എൻ.സി.പി നേതാവ് ജയന്ത് പാട്ടീൽ പറഞ്ഞു. സർക്കാറിനെ രക്ഷപ്പെടുത്താൻ പരമാവധി ശ്രമിക്കുമെന്നും ജയന്ത് പട്ടേൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.