കെജ്‌രിവാളല്ല, ഇനി ഡല്‍ഹിയിൽ 'അനില്‍ ബൈജാല്‍ സര്‍ക്കാര്‍'-ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം; നിയമഭേദഗതി നിലവിൽ
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇനി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം. ഇതോടെ കെജ്‌രിവാള്‍ സര്‍ക്കാറിന് പകരം ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയുടെ സര്‍ക്കാറായി മാറി. ലഫ്റ്റനന്‍റ് ഗവർണർക്ക് കൂടുതൽ അധികാരം നല്‍കുന്ന ഡല്‍ഹി ദേശീയ തലസ്ഥാന മേഖല (ഭേദഗതി) ബില്ലിലെ വ്യവസ്ഥകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ തുടർന്നാണിത്.
ഇനിമുതല്‍ സംസ്ഥാന മന്ത്രിസഭയുടെ എല്ലാ ഉത്തരവുകള്‍ക്കും ഭരണപരമായ തീരുമാനങ്ങള്‍ക്കും ലഫ്റ്റനന്‍റ് ഗവര്‍ണറുടെ അഭിപ്രായം തേടണം. കോവിഡ് വ്യാപനവും ഒാക്സിജൻ ദൗർലഭ്യവും രൂക്ഷമായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളും കേന്ദ്രസര്‍ക്കാറും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.
സംസ്ഥാന സര്‍ക്കാറിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ബില്‍ 2021 മാര്‍ച്ച് 15നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കുകയും ചെയ്തു. മാര്‍ച്ച് 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭേദഗതി ബില്ലില്‍ ഒപ്പുവെച്ചു. ഇതിനുപിന്നാലെയാണ് നിയമം പ്രാബല്യത്തില്‍ വന്നതായി ചൊവ്വാഴ്ച കേന്ദ്രം ഉത്തരവിറക്കിയത്.
ദേശീയ തലസ്ഥാന മേഖല ആക്ട് 1991 ഭേദഗതി വരുത്തിയാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഡല്‍ഹി സര്‍ക്കാറും ലഫ്റ്റനന്‍റ് ഗവര്‍ണറും തമ്മിലുള്ള തര്‍ക്കത്തില്‍ 2018ല്‍ സുപ്രീം കോടതി ഇടപെട്ടതിനെ തുടർന്നാണ് നിയമ ഭേദഗതി കൊണ്ടുവരാനുള്ള നീക്കങ്ങള്‍ കേന്ദ്രം ആരംഭിച്ചത്. മൂന്ന് വർഷത്തിനുള്ളിൽ തന്നെ അതിൽ വിജയം കൈവരിക്കാനും കേന്ദ്രത്തിനായി.
ലഫ്റ്റനന്‍റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകി കൊണ്ടുള്ള ഉത്തരവ് ദൽഹിയിലെ ജനങ്ങളോട് കേന്ദ്ര സർക്കാർ കാട്ടുന്ന വഞ്ചനയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. 2015ലും 2020ലും ആം ആദ്മി പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകിയതാണ് ഡൽഹിയിലെ ജനങ്ങൾ. അവരെ അക്ഷരാർഥത്തിൽ നോക്കുകുത്തിയാക്കുന്നതാണ് കേന്ദ്ര തീരുമാനം. ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന്‍റെ ഉദ്ദേശത്തെ വരെ ചോദ്യം ചെയ്യുന്നതാണ് കേന്ദ്ര തീരുമാനമെന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.