ചിലർ അവൾക്ക് 50 ഉം നൂറും രൂപ നൽകി; പണമല്ല ആവശ്യം ചികിത്സയാണ് -മധ്യപ്രദേശിൽ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പൊലീസ്
text_fieldsഉജ്ജയിൻ: കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ഉജ്ജയിനിൽ 12 വയസുകാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. ബലാത്സംഗത്തിനു ശേഷം രക്ഷതേടി കാര്യമായ വസ്‍ത്രങ്ങൾ പോലുമില്ലാതെ, ചോരയൊലിപ്പിച്ച് പെൺകുട്ടി മണിക്കൂറുകളോളം നടന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. പ്രദേശത്തെ നിരവധിവീടുകളിൽ സഹായത്തിനായി അഭ്യർഥിച്ചെങ്കിലും സഹായിച്ചില്ലെന്നു മാത്രമല്ല, ചിലർ ആട്ടിപ്പായിക്കാൻ ശ്രമിച്ചെന്നുമുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. പിന്നീട് ഒരു ആശ്രമത്തിലെത്തുകയും അവിടെയുണ്ടായിരുന്ന പുരോഹിതനാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചതും പൊലീസ് വിവരം അറിയിച്ചതും.
അതേസമയം സഹായം അഭ്യർഥിച്ചപ്പോൾ ചിലരെങ്കിലും അവൾക്ക് 50 രൂപയും 100 രൂപയും നൽകി സഹായിച്ചിട്ടുണ്ട്. ഒരു ടോൾ ബൂത്ത് കടന്നാണ് പെൺകുട്ടി പോയത്. അവിടെയുണ്ടായിരുന്ന ജീവനക്കാരിൽ ചിലർ പെൺകുട്ടിക്ക് വസ്ത്രങ്ങൾ നൽകി. ഏതാണ്ട് ഏഴോ എട്ടോ പേർ സഹായിക്കാൻമുന്നോട്ടു വന്നതായും ഉജ്ജയ്ൻ പൊലീസ് മേധാവി സച്ചിൻ ശർമ പറഞ്ഞു. ആരാണ് പെൺകുട്ടിയുടെ വിഡിയോ എടുത്ത് പ്രചരിപ്പിച്ചത് എന്നത് അന്വേഷിക്കുകയാണെന്നും ശർമ വ്യക്തമാക്കി. പെൺകുട്ടിയെ കണ്ടെത്തുമ്പോൾ അവളുടെ കൈയിൽ 120 രൂപയുണ്ടായിരുന്നു.
എന്നാൽ പെൺകുട്ടിക്ക് സാമ്പത്തിക സഹായമല്ല, ചികിത്സയാണ് വേണ്ടതെന്ന കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ, സമീപിച്ച ആളുകളോട് പെൺകുട്ടി ഒന്നും തുറന്ന് പറഞ്ഞിരുന്നില്ലെന്നും തന്നെ ആരോ പിന്തുടരുന്നുണ്ട് എന്ന് മാത്രമേ സൂചിപ്പിച്ചിരുന്നുള്ളൂവെന്നും പൊലീസ് പറഞ്ഞു. 'ഞാനൊരു അപകടത്തിൽപെട്ടിരിക്കുകയാണ്. ഒരാൾ എന്റെ പിന്നാലെയുണ്ട്'-പെൺകുട്ടി ഇങ്ങനെ പറഞ്ഞുവെന്നാണ് സമീപവാസികൾ നൽകിയ മൊഴി. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഉജ്ജയിനിൽ നിന്ന് 700 കി.മി അകലെയായാണ് അവളെ കണ്ടെത്തിയത്. മുത്തശ്ശനും ചേട്ടനുമൊപ്പം താമസിക്കുകയായിരുന്നു പെൺകുട്ടി. ഞായറാഴ്ച സ്കൂളിലേക്കെന്നും പറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്നിറങ്ങിയത്. എന്നാൽ വൈകീട്ട് തിരിച്ചുവന്നില്ല.തുടർന്ന് കുടുംബം പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.