മൃതദേഹങ്ങൾ ഒഴുകിയത് ഗംഗാജലത്തിന്‍റെ ഗുണനിലവാരത്തെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: ഗംഗാനദിയിൽ മൃതദേഹങ്ങൾ തള്ളിയത് വെള്ളത്തിന്‍റെ ഗുണനിലവാരത്തെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. യു.പി, ബിഹാർ ചീഫ് സെക്രട്ടറിമാർ പങ്കെടുത്ത അവലോകന യോഗത്തിലാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി പ്രശാന്ത് ഗർഗാവ ഇക്കാര്യം അറിയിച്ചത്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം, വെള്ളത്തിലൂടെ കോവിഡ് വ്യാപനത്തിനുള്ള സാധ്യതയില്ലെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളത്തിലെ മറ്റ് ഘടകങ്ങൾ സംബന്ധിച്ച് പഠനം നടത്താൻ സംസ്ഥാന മലിനീകരണ ബോർഡുകളോട് നിർദേശിച്ചതായും ഇദ്ദേഹം വ്യക്തമാക്കി.
നിറം, പി.എച്ച് ലെവൽ, ഓക്സിജൻ അളവ് എന്നിവ പരിശോധിച്ചപ്പോൾ വലിയ മാറ്റം കണ്ടില്ലെന്നും നദിയുടെ ഒഴുക്ക് തൃപ്തികരമാണെന്നും യു.പി മലിനീകരണ നിയന്ത്രണ ബോർഡ് അംഗം ആശിഷ് തിവാരി പറഞ്ഞു. വെള്ളത്തിന്‍റെ സാമ്പിളിൽ നിന്ന് കൊറോണ വൈറസിന്‍റെ സാന്നിധ്യം പരിശോധിക്കുന്ന ടെസ്റ്റ് വൈദഗ്ധ്യമുള്ള സ്ഥാപനങ്ങളിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, നാഷണൽ കെമിക്കൽ ലബോറട്ടറി തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് പരിശോധന നടത്താമെന്ന് കേന്ദ്ര പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ബിഹാറിലും യു.പിയിലുമായി വൻതോതിൽ മൃതദേഹങ്ങൾ ഗംഗ, യമുന നദികളിൽ ഒഴുകിയത് വൻ വിവാദമായിരുന്നു. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ചെലവേറിയതോടെയാണ് പലരും ഇത്തരത്തിൽ നദിയിലൊഴുക്കാൻ തുടങ്ങിയത്. ഇതിനു പുറമേ, നദീതീരങ്ങളിൽ കുഴിച്ചിട്ട നിലയിലും നൂറുകണക്കിന് മൃതദേങ്ങൾ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.