''നടിയുടെ ഫ്ലാറ്റുകളിൽ നിന്ന് ഇ.ഡി പിടിച്ചെടുത്ത പണം എന്റേതല്ല''-പ്രതികരണവുമായി പാർഥ ചാറ്റർജി
text_fieldsകൊൽക്കത്ത: കോടിക്കണക്കിന് രൂപയുടെ അധ്യാപന നിയമന കുംഭകോണക്കേസിലെ വിവാദ നായകനും മുൻ മന്ത്രിയുമായ പാർഥ ചാറ്റർജി ഒടുവിൽ പ്രതികരണവുമായി രംഗത്ത്. സഹായിയും നടിയും മോഡലുമായ അർപിത മുഖർജിയുടെ ഫ്ലാറ്റുകളിൽ നിന്ന് പിടിച്ചെടുത്ത കോടികൾ തന്റേതല്ലെന്നാണ് പാർഥ ചാറ്റർജി അവകാശപ്പെട്ടത്.
കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ പരിശോധനക്കായി കൊണ്ടുവന്നപ്പോഴാണ് തന്നെ വളഞ്ഞ മാധ്യമപ്രവർത്തകരോട് പാർഥ ഇക്കാര്യം പറഞ്ഞത്. ആരെങ്കിലും നടത്തിയ ഗൂഢാലോചനയാണോ ഇതെന്ന ചോദ്യത്തിന് എല്ലാം വൈകാതെ പുറത്തുവരുമെന്നായിരുന്നു പാർഥയുടെ പ്രതികരണം. ഫ്ലാറ്റുകളിൽ നിന്ന് പിടിച്ചെടുത്തത് എന്റെ പണമല്ല ഇക്കാര്യം അദ്ദേഹം ആവർത്തിച്ചു.
അർപിതയുടെ രണ്ട് ഫ്ലാറ്റുകളിൽ നിന്നായി 50 കോടി രൂപയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പാർഥ ചാറ്റർജിയെയും അർപിത മുഖർജിയെയും അറസ്റ്റ് ചെയ്തിരുന്നു. മന്ത്രിയെ തൃണമൂൽ കോൺഗ്രസിൽ നിന്ന് സസ്‍പെൻഡ് ചെയ്തിരുന്നു. പണം കൂടാതെ വിദേശ നാണ്യവും സ്വർണവും ഇ.ഡി ഫ്ലാറ്റുകളിൽ നിന്ന് കണ്ടെടുത്തിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും അഴിമതിക്കേസിൽ പങ്കുണ്ടെന്നാണ് ബി.ജെ.പിയുടെ ആരോപണം.
അധ്യാപക നിയമന അഴിമതിക്കേസില്‍ ഇ.ഡി അന്വേഷണം നേരിടുന്നതിന്റെ ഭാഗമായി പാര്‍ഥ ചാറ്റര്‍ജിയെ വ്യാഴാഴ്ചയാണ് മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തത്. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മിഷന്റെ ശിപാര്‍ശ പ്രകാരം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത, എയ്ഡഡ് സ്‌കൂളുകളിലെ ഗ്രൂപ്പ് സി, ഡി ജീവനക്കാരുടെയും അധ്യാപകരുടെയും നിയമന ക്രമക്കേടുകള്‍ കൊൽക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സി.ബി.ഐ അന്വേഷിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.