'ഫേസ്ബുക്കിലില്ല; പിന്നെങ്ങനെ തന്നെ വിലക്കും' - വിവാദ ബി.ജെ.പി എം.എൽ.എ രാജാ സിങ്
text_fieldsഹൈദരാബാദ്: ഫേസ്ബുക്ക് അക്കൗണ്ട് ഒഴിവാക്കിയിട്ട് ഒരു വർഷമായെന്നും പിന്നെ എങ്ങെനെ തന്നെ വിലക്കുമെന്നും വിദ്വേഷ പ്രസംഗത്തിന് പേരുേകട്ട ബി.ജെ.പി തെലങ്കാന എം.എൽ.എ ടി. രാജ സിങ്. വർഗീയ പരാമർശങ്ങൾ നടത്തിയതിന് ഫേസ്ബുക്ക് വിലക്കി എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു എം.എൽ.എ. 2019 ഏപ്രിലിൽ താൻ ഫേസ്ബുക്ക് വിട്ടതാണെന്നും, അമേരിക്കൻ സ്ഥാപനം കോൺഗ്രസ് സമ്മർദ്ദത്തിലാണോ പ്രവർത്തിക്കുന്നതെന്നും ടി. രാജ സിങ് ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് ' അപകടകരമായ വ്യക്തി' എന്നു കാണിച്ച് ഫേസ്ബുക്ക് ടി. രാജയെ വിലക്കിയതായി അറിയിക്കുന്നത്. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതിനെതിരായ ഫേസ്ബുക്കിെൻറ നയം ലംഘിച്ചതിനാണ് ഇദ്ദേഹത്തെ വിലക്കിയതെന്ന് കമ്പനി വക്താവ് പ്രതികരിച്ചിരുന്നു.
'' പുതിയ ഔദ്യോഗിക പേജ് തുറക്കാൻ ഞാൻ ഫേസ്ബുക്കിനോട് ആവശ്യപ്പെടും. അവർ മുന്നോട്ടുവെക്കുന്ന നിയമങ്ങൾ പാലിച്ചായിരിക്കും അകൗണ്ട് പ്രവർത്തിക്കുക''-എം.എൽ.എ പറഞ്ഞു.
തെലങ്കാന നിയമസഭയിലെ ഒരേയൊരു ബി.ജെ.പി എം.എൽ.എയായ രാജ സിങ് വിദ്വേഷപ്രസംഗങ്ങൾക്ക് കുപ്രസിദ്ധനാണ്. ഇദ്ദേഹത്തിനെതിരെ വിദ്വേഷ പ്രസംഗ നിയമാവലി പ്രകാരം നടപടിയെടുക്കുന്നത് ഫേസ്ബുക്കിെൻറ ഇന്ത്യയിലെ ഉന്നതോദ്യോഗസ്ഥയായ അംഖി ദാസ് തടഞ്ഞതായി വാൾസ്ട്രീറ്റ് ജേണൽ കഴിഞ്ഞമാസം റിപ്പോർട്ട് ചെയ്തിരുന്നു. ബി.ജെ.പിയുമായുള്ള ബന്ധം ഉലയാതിരിക്കാനായിരുന്നു ഇത്തരമൊരു നീക്കം.
ഇദ്ദേഹത്തെ 'അപകടകരമായ വ്യക്തി' എന്ന് രേഖപ്പെടുത്തുന്നതിൽ അംഖി ദാസ് ആശങ്ക ഉയർത്തിയതായി ഫേസ്ബുക് വക്താവ് പറഞ്ഞതായാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. സിങ്ങിനെ വിലക്കുന്ന കാര്യം കമ്പനി ആലോചിക്കുന്നുണ്ടെന്നും വക്താവ് പറഞ്ഞിരുന്നു. റിപ്പോർട്ട് പുറത്തുവന്നതോടെ ഫേസ്ബുക്കിനെതിരെ വ്യാപക പ്രതിഷേധവും പരാതിയുമാണ് ഉയർന്നിരുന്നത്.
മുസ്ലിംകൾ മനഃപൂർവം കൊറോണ വൈറസ് പരത്തുന്നുവെന്നും രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തി ലവ് ജിഹാദിന് നേതൃത്വം നൽകുന്നുവെന്നും ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ പോസ്റ്റ് ചെയ്തിട്ടും ഇവർക്കെതിരെ നടപടിയെടുക്കാൻ ഫേസ്ബുക്ക് തയാറായിരുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിക്ക് അനുകൂലമായി പ്രവർത്തിക്കാനും അംഖി ദാസ് ശ്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
രാജ സിങ്ങിന്‍റെയും ബി.ജെ.പി നേതാവായ അനന്തകുമാർ ഹെഗ്ഡേയുടെയും മുസ്ലിംവിരുദ്ധത നിറഞ്ഞ പോസ്റ്റുകൾ ഫേസ്ബുക്ക് നീക്കിയിരുന്നില്ല. വാൾസ്ട്രീറ്റ് ജേണൽ ലേഖകർ അന്വേഷിച്ചതിനെ തുടർന്ന് ഏതാനും പോസ്റ്റുകൾ ഒഴിവാക്കി. രാജ സിങ്ങിന് നീല ടിക് അടയാളത്തോടെയുള്ള വെരിഫൈഡ് അക്കൗണ്ട് ഉണ്ടാവില്ലെന്നും ഫേസ്ബുക്ക് അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.