ഏക സിവിൽ കോഡ് നടപ്പാക്കിയാൽ എതിർക്കില്ല; പക്ഷേ... -ജെ.ഡി.യു നേതാവ്
text_fieldsന്യൂഡൽഹി: എൻ.ഡി.എ സർക്കാർ ഏകസിവിൽ കോഡ് നടപ്പാക്കിയാൽ എതിർക്കില്ലെന്ന് ജനതാദൾ യുനൈറ്റഡ് നേതാവ് കെ.സി. ത്യാഗി. എന്നാൽ അത് ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തിയേ നടപ്പാക്കാവൂവെന്നും ജെ.ഡി.യു നേതാവ് ആവശ്യപ്പെട്ടു. ''ഏകസിവിൽ കോഡ് വിഷയത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമ കമീഷന് കത്തെഴുതിയിരുന്നു. ഞങ്ങളത് എതിർക്കുന്നില്ല. എന്നാൽ മുഖ്യമന്ത്രിമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, വിവിധ മതവിഭാഗങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളുമായും കൂടിയാലോന നടത്തിയിട്ടേ അത് നടപ്പാക്കാവൂ.''-ത്യാഗി പറഞ്ഞു.
അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കണമെന്ന് ബി.ജെ.പിയോട് ആവശ്യപ്പെടും. ജാതി സെൻസസ് നടത്താനും ആവശ്യപ്പെടും. എന്നാൽ ഏക സിവിൽ കോഡിനെ എതിർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിക്ക് തന്റെ പാർട്ടി നൽകുന്നത് ഉപാധികളില്ലാത്ത പിന്തുണയാണ്. എന്നാൽ ബിഹാറിലെ ജനത സംസ്ഥാനത്തിന് പ്രത്യേക പദവി ആഗ്രഹിക്കുന്നുണ്ട്. അഗ്നിവീർ പദ്ധതിക്കെതിരെ വോട്ടർമാർക്കിടയിൽ കടുത്ത പ്രതിഷേധമുണ്ട്. ജനങ്ങൾ എതിർക്കുന്ന പക്ഷം ആ പദ്ധതി ഒഴിവാക്കണമെന്നാണ് തങ്ങളുടെ ആവശ്യം.
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയും ജാതി സെൻസസ് നിഷേധിക്കില്ല. പ്രധാനമന്ത്രിയും എതിർത്തിട്ടില്ല. അത് കാലം ആവശ്യപ്പെടുന്നതാണ്. ഞങ്ങളത് പിന്തുടരും.''-ത്യാഗി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ
തനിച്ച് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ജെ.ഡി.യുവിന്റെ ടി.ഡി.പിയുടെയും പിന്തുണയില്ലാതെ ബി.ജെ.പിക്ക് സർക്കാർ രൂപവത്കരിക്കാൻ സാധിക്കില്ല. ബി.ജെ.പിക്ക് 240 സീറ്റാണ് ഇക്കുറി ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 32 സീറ്റുകൾ കൂടി വേണം. സഖ്യകക്ഷികളായ എൻ. ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടി(ടി.ഡി.പി)ക്ക് 16ഉം നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് 12ഉം സീറ്റുകളാണ് ലഭിച്ചത്. ഇവരുടെ പിന്തുണയില്ലാതെ ഒരു തരത്തിലും എൻ.ഡി.എക്ക് സർക്കാർ രൂപവത്കരിക്കാൻ സാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.