കനിമൊഴിക്ക് നേരിട്ട ദുരനുഭവം; അന്വേഷണത്തിന് ഉത്തരവിട്ടിട്ട് സി.ഐ.എസ്.എഫ്
text_fieldsചെന്നൈ: ഹിന്ദി ഭാഷ അറിയാത്തതിെൻറ പേരിൽ ഇന്ത്യക്കാരിയല്ലേ എന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ ചോദിച്ചതായുള്ള ഡി.എം.കെ എം.പി കനിമൊഴിയുടെ ആരോപണത്തിന് മറുപടിയുമായി സി.ഐ.എസ്.എഫ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്). ഏതെങ്കിലും ഒരു ഭാഷക്ക് വേണ്ടി ശാഠ്യം പിടിക്കുന്നത് തങ്ങളുടെ നയമല്ലെന്ന് സി.ഐ.എസ്.എഫ് ട്വീറ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
The CISF has ordered an Enquiry into the matter. It is not the policy of CISF to insist upon any particular language.
— CISF (@CISFHQrs) August 9, 2020
ഇന്ന് ഡല്‍ഹിയിലേക്ക് പോകാനായി ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്നാണ് കനിമൊഴി പറയുന്നത്.
'ഹിന്ദി അറിയാത്തതിനാല്‍ ഇന്ന് വിമാനത്താവളത്തില്‍ െവച്ച് തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കാമോ എന്ന് ചോദിച്ചതിന് ഒരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ എന്നോട് ചോദിച്ചത് നിങ്ങൾ ഇന്ത്യാക്കാരി ആണോ എന്നാണ്. ഹിന്ദി അറിയുന്നത് ഇന്ത്യക്കാരനാകുന്നതിന് തുല്യമാകുന്നത് എപ്പോള്‍ മുതലാണെന്നത് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'- കനിമൊഴി ട്വിറ്ററിൽ കുറിച്ചു. ഹിന്ദി അടിച്ചേൽപിക്കൽ എന്നതിനെ സൂചിപ്പിക്കാൻ 'ഹിന്ദി ഇമ്പോസിഷന്‍' എന്ന ഹാഷ്ടാഗ് ചേർത്താണ് ട്വീറ്റ്.
തൊട്ടുപിന്നാലെ കനിമൊഴിയെ പിന്തുണച്ച് കേൺഗ്രസ് എം.പി മാണിക്കം ടാഗോറും കാർത്തി ചിദംബരവും രംഗത്തെത്തി. യാത്രയുടെ വിവരങ്ങള്‍ വിമാനത്താവളത്തിന്‍റെ പേര്, സ്ഥലം, സമയം എന്നിവ നല്‍കിയാല്‍ നടപടി എടുക്കാമെന്ന് സി.ഐ.എസ്.എഫ് ആദ്യം ട്വീറ്റ് ചെയ്തിരുന്നു. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളും തൂത്തുക്കുടിയില്‍ നിന്നുള്ള ലോക്സഭാംഗവുമാണ് കനിമൊഴി.
Warm greetings from @CISFHQrs. We sincerely acknowledge your unpleasant experience. Kindly DM journey details; name of airport, location, date, and time of the incident for appropriate action in the matter.
— CISF (@CISFHQrs) August 9, 2020
ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്നാട്ടിൽ വിവാദം നിത്യസംഭവമാണ്. പുതിയ വിദ്യാഭ്യാസ നയത്തിൽ ഉൾപെടുന്ന ത്രിഭാഷ ഫോർമുലയാണ് ഇപ്പോൾ ചർച്ചാ വിഷയം. ഹിന്ദി അടിച്ചേൽപ്പിക്കലാണ് ഇതെന്ന് കാണിച്ച് പുതിയ വിദ്യാഭ്യാസ നയം തമിഴ്നാട്ടിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു.
'കേന്ദ്രത്തിെൻറ ത്രിഭാഷ നയം തമിഴ്‌നാട് ഒരിക്കലും അംഗീകരിക്കില്ല. പുതിയ നയം ദുഃഖകരവും വേദനാജനകവുമാണ്. പ്രധാനമന്ത്രി ഉറപ്പായും ഇത് പുനഃപരിശോധിക്കണം'- മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 1965ൽ കോൺഗ്രസ് സർക്കാർ ഹിന്ദി ഒൗദ്യോഗിക ഭാഷയാക്കാൻ ശ്രമിച്ചപ്പോൾ വിദ്യാർഥികൾ നടത്തിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾക്കാണ് തമിഴ്‌നാട് സാക്ഷ്യം വഹിച്ചത്. ആ സമരമാണ് പിൻകാലത്ത് തമിഴ്നാട്ടിൽ ദ്രാവിഡ സംഘടനകൾക്ക് വേരൂന്നാൻ സഹായിച്ചത്.
ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ത്രിഭാഷ ഫോർമുലക്കെതിരെ രംഗത്ത് വന്നിരുന്നു. തമിഴും ഇംഗ്ലീഷുമാണ് നിലവിൽ തമിഴ്നാട്ടിലെ സ്കൂളുകളിൽ പഠിപ്പിക്കുന്നത്. സംസ്കൃതവും ഹിന്ദിയും അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ കനിമൊഴിയും ശക്തമായി എതിർത്തിരുന്നു. ഹിന്ദി തമിഴ്നാട്ടിലെ സ്കൂളുകളിൽ ഐച്ഛിക വിഷയമായാണ് പഠിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.