"ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഭരണഘടന വിരുദ്ധം"; എതിർപ്പുമായി പ്രതിപക്ഷ പാർട്ടികൾ
text_fieldsന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിർദ്ദേശത്തെ എതിർത്ത് പ്രതിപക്ഷ പാർട്ടികൾ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി പ്രായോഗികമല്ലെന്ന് കോൺഗ്രസ് പറഞ്ഞു. ഇത് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.
തെരഞ്ഞെടുപ്പ് വരുമ്പോൾ ബി.ജെ.പിക്ക് ഉന്നയിക്കാൻ ഒരു വിഷയവും ലഭിക്കാത്തതിനാൽ അവർ യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നു. ഹരിയാനയിൽ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ടായിരുന്നു ഖാർഗെയുടെ പ്രസ്താവന.
"ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്" എന്നത് ഭരണഘടനക്ക് വിരുദ്ധമാണ്. ഇത് ജനാധിപത്യത്തിന് വിരുദ്ധമാണ്, ഫെഡറലിസത്തിന് എതിരാണ്. രാജ്യം ഒരിക്കലും അംഗീകരിക്കില്ല" -ഖാർഗെ എക്സിൽ എഴുതി.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിർക്കുന്നതായി രാഷ്ട്രീയ ജനതാദൾ നേതാവ് മനോജ് ഝാ പറഞ്ഞു. പിന്തുണച്ചതായി അശ്വിനി വൈഷ്ണവ് പറഞ്ഞ 80 ശതമാനം ആളുകൾ ആരാണെന്ന് അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും അപ്രായോഗികവുമാണെന്ന് സി.പി.എം വ്യക്തമാക്കി. പാർലമെന്‍ററി ജനാധിപത്യത്തെ മാറ്റിസ്ഥാപിക്കാൻ സർക്കാർ ശ്രമിക്കുന്നതായും സി.പി.എം ആരോപിച്ചു.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി സമർപ്പിച്ച ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ റിപ്പോർട്ടിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവരുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരേസമയം ലോക്‌സഭാ, നിയമസഭ തെരഞ്ഞെടുപ്പുകൾ നിർദ്ദേശിക്കുന്ന പദ്ധതിക്ക് അനുസരിച്ച്, പൊതു, സംസ്ഥാന തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ് 100 ദിവസത്തിനുള്ളിൽ നഗര, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടത്തണം. ഭരണഘടനാ ഭേദഗതി ഉൾപ്പെടുന്നതിനാൽ ഇത് നടപ്പിലാക്കാൻ പാർലമെന്‍റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. കുറഞ്ഞത് ആറ് ഭേദഗതികളെങ്കിലും വേണ്ടിവരും. ഇതിനുശേഷം, എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അംഗീകാരവും ആവശ്യമാണ്.
പാർലമെന്‍റിന്‍റെ ഇരുസഭകളിലും എൻ.ഡി.എക്ക് കേവലഭൂരിപക്ഷം മാത്രമാണുള്ളത്. രാജ്യസഭയിലെ 245 സീറ്റുകളിൽ എൻ.ഡി.എക്ക് 112ഉം പ്രതിപക്ഷ പാർട്ടികൾക്ക് 85ഉം ആണ് സീറ്റുകൾ. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർക്കാറിന് കുറഞ്ഞത് 164 വോട്ടുകൾ വേണം. ലോക്സഭയിൽ 545 സീറ്റിൽ 292 ആണ് എൻ.ഡി.എക്കുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം 364 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.