ബി.ജെ.പി വിടില്ലെന്ന് പങ്കജ മുണ്ടെ
text_fieldsമുംബൈ: ബി.ജെ.പി വിടുമെന്ന വാർത്ത നിഷേധിച്ച് ഗോപിനാഥ് മുണ്ടെയുടെ മകളും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ പങ്കജ മുണ്ടെ. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്ന് പങ്കജ ഫേസ്ബുക്കിൽ എഴുതിയതും സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ വിവരങ്ങളിൽനിന്ന് ബി.ജെ.പി നേതാവെന്നത് ഒഴിവാക്കിയതും അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. പാർട്ടി വിടുകയില്ലെന്നും കാലുമാറ്റം തെൻറ രക്തത്തിലില്ലെന്നും പങ്കജ മാധ്യമങ്ങളോട് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്ന് ബി.ജെ.പി നേതാക്കളായ വിനോദ് താവ്ഡെ, രാം ഷിൻഡെ എന്നിവർ പങ്കജയെ ചെന്നുകണ്ടിരുന്നു. കുറിപ്പ് എതിരാളികൾ വളച്ചൊടിച്ചതാണെന്നും പാർട്ടിയുമായി ഭിന്നതയില്ലെന്നും പങ്കജ പറഞ്ഞതായി താവ്ഡെ പറഞ്ഞു. ഭാവി ആലോചനകൾക്കുശേഷം അച്ഛെൻറ ജന്മദിനമായ അടുത്ത 12ന് ബീഡിൽ അണികളോട് സംസാരിക്കുമെന്ന് പങ്കജ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോടുള്ള എതിർപ്പാണ് പങ്കജ ഫേസ്ബുക്കിലൂടെ പ്രകടിപ്പിച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്. മുഖ്യമന്ത്രിയായി അധികാരമേറ്റ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയെ പങ്കജ അഭിനന്ദിച്ചിരുന്നു. എന്നാൽ, പ്രകാശ് മേത്ത അടക്കം ബി.ജെ.പിയിൽ കൂടുതൽ നേതാക്കൾ പാർട്ടി നേതൃത്വത്തിൽ അതൃപ്തി പ്രകടമാക്കി രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.