ജെ.ഇ.ഇയിൽ 99.98 ശതമാനം മാർക്ക്; പോരെന്ന് യു.പി വിദ്യാർഥി
text_fieldsലഖ്നോ: 99.98 ശതമാനം മാർക്കിൽ സംതൃപ്തിയില്ലാതെ ജെ.ഇ.ഇ(ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ) പരീക്ഷ വീണ്ടുമെഴുതാൻ ഉത്തർപ്രദേശ് വിദ്യാർഥി. 100 ശതമാനം മാർക്ക് ലക്ഷ്യമിട്ടാണ് പരീക്ഷ വീണ്ടുമെഴുതുന്നത്. ജെ.ഇ.ഇ പരീക്ഷയിൽ ഉത്തർപ്രദേശിൽ ഒന്നാം സ്ഥാനത്തെത്തിയ പാൽ അഗർവാളാണ് വീണ്ടും പരീക്ഷയെഴുതുന്നത്. രാജ്യത്ത് ജെ.ഇ.ഇയിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ നാലാം റാങ്കും പാൽ അഗർവാളിനാണ്.
6.20 ലക്ഷം പേരാണ് ഫെബ്രുവരിയിൽ നടന്ന ജെ.ഇ.ഇ പ്രധാന പരീക്ഷയെഴുതിയത്. ഇതിൽ 1.87 ലക്ഷം പേർ പെൺകുട്ടികളാണ്. പെൺകുട്ടികളിലാരും 100 ശതമാനം മാർക്ക് നേടിയിട്ടില്ല. ഇത് തിരുത്തുകയാണ് ലക്ഷ്യമെന്ന് പാൽ അഗർവാൾ പറഞ്ഞു. ഇതിനായുള്ള പരിശീലനം തുടങ്ങിയിട്ടുണ്ട്. മാർച്ചിൽ നടക്കുന്ന ജെ.ഇ.ഇ പരീക്ഷയെഴുതില്ല. ഏപ്രിലിൽ നടക്കുന്ന പരീക്ഷയിൽ 100 ശതമാനത്തിനായി പോരാടുകയാണ് ലക്ഷ്യമെന്ന് പാൽ അഗർവാൾ കൂട്ടിച്ചേർത്തു.
ഗാസിയബാദിലെ സേത് ആനന്ദറാം ജപുരിയ സ്കൂളിൽ പഠിക്കുന്ന പാൽ അഗർവാളിന് ഐ.ഐ.എസ്.സി ബംഗളൂരുവിൽ പ്രവേശനം ലഭിച്ചിട്ടുണ്ട്. എന്നാൽ, ബോംബെ ഐ.ഐ.ടിയിൽ എയ്റോനോട്ടിക്കൽ എഞ്ചിനീയറിങ് പഠിക്കുകയാണ് ലക്ഷ്യം. അതിന് ശേഷം ബഹിരാകാശമേഖലയിൽ തുടർ പഠനം നടത്തുകയാണ് പാൽ അഗർവാളിന്‍റെ സ്വപ്നം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.