വാക്സിൻ കയറ്റുമതി ചെയ്യരുതെന്ന് പറയുന്നില്ല, പക്ഷേ ഇന്ത്യക്കാർക്ക് പ്രാധാന്യം നൽകണം -അമരീന്ദർ സിങ്
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിൻ വിതരണ നയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. രാജ്യത്ത് നിലവിൽ കോവിഷീൽഡ്, കോവാക്സിൻ എന്നിവക്ക് മാത്രമാണ് അനുമതി. ഇന്ത്യയിൽ വാക്സിൻ ക്ഷാമം നേരിടുന്ന സമയത്ത് മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് പ്രധാന്യം നൽകുന്നതിനെതിരെയാണ് വിമർശനം. ഇന്ത്യക്കാർക്ക് ആദ്യം വാക്സിൻ നൽകുന്നതിന് കേന്ദ്രം പ്രാധാന്യം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
'അഞ്ചുകോടി വാക്സിൻ മറ്റു രാജ്യങ്ങൾക്ക് സമ്മാനിച്ചതിന്‍റെ അർഥമെന്താണ്? നമ്മുടെ കാര്യം എന്താണ്? ഇന്ത്യക്കാരുടെ കാര്യം എന്താണ്? നമുക്ക് ആദ്യം അത് ലഭിക്കുന്നില്ലേ? മറ്റുള്ളവർക്ക് വാക്സിൻ നൽകണമെന്നോ നൽകരുതെന്നോ ഞാൻ പറയുന്നില്ല, പക്ഷേ ഇന്ത്യക്കാർക്ക് മുൻഗണന നൽകണം' -അമരീന്ദർ സിങ് പറഞ്ഞു.
പ്രതിദിനം വാക്സിനേഷൻ രണ്ടുലക്ഷത്തോളം ഉയർത്തണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നു. എന്നാൽ ഇത്തരത്തിൽ ഉയർത്തിയാൽ ഒന്നര ദിവസത്തിനുള്ളിൽ വാക്സിൻ തീരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒാരോ സംസ്ഥാനങ്ങളിലെയും സ്ഥിതി വ്യത്യസ്തമാണ്. ഡൽഹിയിലെ സ്ഥിതിയല്ല, മഹാരാഷ്ട്രയിലും കേരളത്തിലും. അവിടങ്ങളിലെപ്പോലെയല്ല പഞ്ചാബിൽ. അതിനാൽ സംസ്ഥാനങ്ങൾക്ക് മുൻഗണന ക്രമം തീരുമാനിക്കാൻ അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മൂന്നുദിവസമായി രണ്ടുലക്ഷത്തിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. കഴിഞ്ഞദിവസം 1300 മരണവും രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു. പഞ്ചാബ് ഉൾപ്പെടെ 10 സംസ്ഥാനങ്ങളിലാണ് 86 ശതമാനം മരണവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.