ഇനി ക്യു.ആർ കോഡ് സ്കാൻ ചെയ്യേണ്ട; ആ ബാർബർക്ക് സമ്മാനമായി ഫോൺ എത്തിയിട്ടുണ്ട്
text_fieldsലഖ്നോ: ടി-ഷർട്ടിൽ ക്യൂആർ കോഡ് പതിച്ച് ഒരാൾ ഡൽഹിയിലെ തെരുവിലൂടെ നടക്കുന്നു, കൂടെയൊരു വാചകവുമുണ്ട് -‘പുരുഷന്മാർക്ക് വികാരങ്ങൾ ഉണ്ടെന്ന് അറിയാൻ സ്കാൻ ചെയ്യുക’. കൗതുകം കാരണം ആരുമൊന്ന് സ്കാൻ ചെയ്ത് നോക്കും. സമൂഹ മാധ്യമമായ എക്സിൽ പൂജ സൻവാൾ എന്ന യുവതി ഇത് പങ്കുവെച്ചപ്പോഴും ആ കൗതുകം പ്രകടമായിരുന്നു. ഇയാൾ ആരാണെന്നും എന്താണ് ഉദ്ദേശമെന്നുമുള്ള ചോദ്യവുമായി പലരും രംഗത്തുവന്നു. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലുമായി.
രോഹിത് സലൂജ എന്നയാളാണ് ഗാസിയാബാദിലെ തന്റെ ബാർബറായ സോനുവിന് പുതിയ ഫോൺ വാങ്ങാനുള്ള ധനസമാഹരണം തുടങ്ങിയത്. ‘എന്റെ ബാർബറുടെ ഫോൺ മോഷണം പോയി. അവനൊരു പുതിയ ഫോൺ വാങ്ങിനൽകാൻ എന്നെ സഹായിക്കുക’ എന്നായിരുന്നു അഭ്യർഥന. നിരവധി പേർ രോഹിതിനെ അഭിനന്ദിച്ച് രംഗത്തെത്തിയെങ്കിലും അക്കൗണ്ടിലേക്ക് വരവ് കുറവായിരുന്നു. ജൂലൈ 16 വരെ 1600 രൂപ മാത്രമാണ് അക്കൗണ്ടിൽ എത്തിയത്.
ആളുകൾ വേണ്ട രീതിയിൽ സഹകരിച്ചില്ലെങ്കിലും സോനുവിനൊരു സർപ്രൈസ് ഗിഫ്റ്റ് എത്തിയിരിക്കുകയാണിപ്പോൾ. പ്രമുഖ ഇലക്ട്രോണിക് ബ്രാൻഡായ നതിങ് ഇന്ത്യയാണ് പുത്തൻ ഫോൺ സോനുവിന് സമ്മാനിച്ചിരിക്കുന്നത്. സോനു പുതിയ ഫോണുമായി നിൽക്കുന്ന ചിത്രം എക്സിലെ കമ്പനിയുടെ ഔദ്യോഗിക പേജിലൂടെ പുറത്തുവിടുകയും ചെയ്തു. കമ്പനിക്ക് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.