മണിപ്പൂരിൽ വലിയ പ്രശ്നമില്ല; സംഘർഷം മൂന്ന് ജില്ലകളിൽ മാത്രമെന്ന് മുഖ്യമന്ത്രി
text_fieldsഇംഫാൽ: മണിപ്പൂരിലെ നേതൃമാറ്റത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. അക്കാര്യത്തിൽ തനിക്ക് തീരുമാനമെടുക്കാനാവില്ലെന്നും ഇപ്പോൾ മണിപ്പൂരിലെ സംഘർഷം പരിഹരിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായി തുടരുന്നത് സംബന്ധിച്ചോ രാജിയിലോ തനിക്ക് തീരുമാനമെടുക്കാനാവില്ലെന്ന് ബിരേൻ സിങ് പറഞ്ഞു. ബി.ജെ.പിയിലെ ഒരുവിഭാഗം എം.എൽ.എമാരും സഖ്യകക്ഷികളും അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം നടത്തുന്നുവെന്ന വാർത്തകൾക്കിടെയാണ് ബിരേൻസിങ്ങിന്റെ പ്രതികരണം.
ലോക്സഭ തെരഞ്ഞെടുപ്പിൽ മണിപ്പൂരിൽ ബി.ജെ.പിയുടെ വോട്ടിങ് ശതമാനം മോശമല്ല. തങ്ങൾ പ്രതീക്ഷിച്ചത് കിട്ടി. സങ്കീർണമായ സാഹചര്യമാണ് മണിപ്പൂരിലുള്ളത്. ഒളിഞ്ഞിരിക്കുന്ന ശത്രുവിനെതിരായാണ് തങ്ങളുടെ പോരാട്ടമെന്നും ബിരേൻ സിങ് പറഞ്ഞു.
16 ജില്ലകളിൽ രണ്ടോ മൂന്നോ എണ്ണത്തിൽ മാത്രമാണ് ഇപ്പോഴും പ്രശ്നങ്ങൾ നിലനിൽക്കുന്നത്. മണിപ്പൂരിൽ വലിയ പ്രതിസന്ധിയില്ല. സ്കൂളുകളും വ്യാപാരസ്ഥാപനങ്ങളും ഗതാഗതവുമെല്ലാം സാധാരണ പോലെ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം മെയ് മൂന്നിനാണ് മണിപ്പൂരിൽ കുക്കികളും മെയ്തേയികളും തമ്മിൽ സംഘർഷം ഉടലെടുത്തത്. ഇതുവരെ സംഘർഷങ്ങളിൽ 200 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. കലാപത്തിൽ 50,000ത്തോളം പേർക്ക് പലായനം ചെയ്യേണ്ടിയും വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.