യു.പി സർക്കാറിനോട് സുപ്രീംകോടതി -'പൗരത്വ പ്രക്ഷോഭകരുടെ സ്വത്ത് പിടിച്ചെടുക്കരുത്'
text_fieldsന്യൂഡൽഹി: പൗരത്വ പ്രക്ഷോഭത്തിൽ അണിനിരന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിന് ഉത്തർപ്രദേശ് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കരുതെന്ന് സുപ്രീംകോടതി. സംസ്ഥാനത്തിന് എങ്ങനെയാണ് ആളുകളുടെ സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവിടാൻ കഴിയുക എന്നും കോടതി ചോദിച്ചു. പർവായിസ് ആരിഫ് ടിട്ടു എന്നയാൾ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരുടെ ബെഞ്ചിേൻറതാണ് നിരീക്ഷണം. മുമ്പ് നൽകിയ നോട്ടീസ് പ്രകാരം ഒരു നടപടിയും കൈക്കൊള്ളരുത്. നിയമത്തിെൻറ മാർഗത്തിലേ നടപടികൾ സ്വീകരിക്കാവൂ - കോടതി പറഞ്ഞു. ട്രൈബ്യൂണലുകൾ രൂപവത്കരിച്ച് ആവശ്യമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് നടപടി കൈക്കൊണ്ടതെന്ന് യു.പി സർക്കാറിനുവേണ്ടി ഹാജരായ സീനിയർ അഡീഷനൽ അഡ്വക്കറ്റ് ജനറൽ ഗരിമ പ്രസാദ് പറഞ്ഞു.
ട്രൈബ്യൂണലുകൾ രൂപവത്കരിച്ചതിെൻറയും മറ്റും വിശദാംശങ്ങൾ ഉൾപ്പെടുത്തി രണ്ടാഴ്ചക്കകം എതിർ സത്യവാങ്മൂലം നൽകാൻ കോടതി അഡീഷനൽ അഡ്വക്കറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. ആറുവർഷം മുമ്പ് 94ാം വയസ്സിൽ മരണമടഞ്ഞ വ്യക്തിക്കെതിരെയും 90 വയസ്സിനു മുകളിലുള്ള രണ്ടുപേർക്കെതിരെയും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഹരജിയിൽ പറയുന്നു. കഴിഞ്ഞ വർഷം ജനുവരി 31നാണ് കോടതി ഹരജിയിൽ യു.പി സർക്കാറിന് നോട്ടീസ് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.