പ്രചാരണത്തിന് മമത നേരിട്ടെത്തി; എന്നിട്ടും ത്രിപുരയിൽ തൃണമൂൽ കോൺഗ്രസ് നോട്ടക്ക് പിന്നിൽ
text_fieldsദേശീയ തലത്തില്‍ പാർട്ടി വിപുലീകരിക്കാന്‍ മോഹിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും (ടി.എം.സി) മമത ബാനര്‍ജിയും ത്രിപുരയെ ഒരു സാധ്യതയുള്ള സംസ്ഥാനമായാണ് കണ്ടത്. പ്രചാരണത്തിനായി മമത സംസ്ഥാനത്ത് നേരിട്ടെത്തുകയും ചെയ്തു.
എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തൃണമൂൽ കോൺഗ്രസ് നോട്ടക്കും പിന്നിലായി. തെരഞ്ഞെടുപ്പിനു മുന്നോടിയായി ടി.എം.സി ദേശീയ ജനറൽ സെക്രട്ടറിയും അനന്തരവനുമായ അഭിഷേക് ബാനർജിക്കൊപ്പം രണ്ടു ദിവസം സംസ്ഥാനത്ത് വലിയ പ്രചാരണം നടത്തിയിരുന്നു. അഗർത്തലയിൽ അഞ്ചു കിലോമീറ്റർ പദയാത്രയും നടത്തി.
ത്രിപുര തന്‍റെ രണ്ടാം വീടാണെന്നും ഒരു അവസരം നൽകണമെന്നും സംസ്ഥാനത്തെ വോട്ടർമാരോട് അഭ്യർഥിക്കുകയും ചെയ്തു. 28 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത്.
എന്നാല്‍ എക്‌സിറ്റ് പോളുകൾ ശരിവെക്കുന്ന തരത്തിലായിരുന്നു തെരഞ്ഞെടുപ്പ് ഫലം. ഒരു സീറ്റില്‍ പോലും ജയിച്ചില്ല എന്നു മാത്രമല്ല, പാർട്ടിയുടെ വോട്ടുവിഹിതം നോട്ടക്കും പിന്നിലായി. സംസ്ഥാനത്തെ മൊത്തം വോട്ടുവിഹിതത്തിന്‍റെ 0.88 ശതമാനം മാത്രമാണ് തൃണമൂൽ കോൺഗ്രസിന് ലഭിച്ചത്. എന്നാൽ, 1.36 ശതമാനം പേർ നോട്ടക്കാണ് കുത്തിയത്.
ത്രിപുരയിൽ 60ൽ 32 സീറ്റുകളിൽ ജയിച്ച ബി.ജെ.പി ഭരണം ഉറപ്പിച്ചു. സി.പി.എം-കോൺഗ്രസ് സഖ്യം 14 സീറ്റുകളിലും കന്നിയങ്കത്തിനിറങ്ങിയ തിപ്ര മോത്ത പാർട്ടി 13 സീറ്റുകളിലും ജയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.