‘നോട്ട’ ചോദ്യംചെയ്ത് സ്ഥാനാർഥികൾ
text_fieldsന്യൂഡൽഹി: രാജ്യത്ത് ഒരു തെരഞ്ഞെടുപ്പിലും കാണാത്ത വിധം ഗുജറാത്തിവോട്ടർമാർ അഭൂതപൂർവമായി ‘നോട്ട’ക്ക് വോട്ടു ചെയ്തത് വിവാദമാക്കി സ്ഥാനാർഥികളും നേതാക്കളും രംഗത്ത്. വോട്ടുയന്ത്രങ്ങളിൽ നടത്തിയ ക്രമക്കേടാണ് ഗുജറാത്തിൽ വീണ്ടും ബി.ജെ.പിയെ ഭരണത്തിലെത്തിച്ചതെന്ന് പാട്ടീദാർ നേതാവ് ഹാർദിക് പേട്ടൽ ആവർത്തിച്ചു. ഇതിനെതിരെ പ്രതിപക്ഷപാർട്ടികളുമായി യോജിച്ച് പ്രക്ഷോഭം നടത്തും.
5,51,615 പേരാണ് ഇത്തവണ ഗുജറാത്തിൽ േനാട്ടക്ക് വോട്ട് ചെയ്തത്. ആറായിരത്തോളം വോട്ടുകൾ വരെ നോട്ടക്ക് ലഭിച്ച മണ്ഡലങ്ങളും ഇതിലുണ്ട്. ബി.ജെ.പിയുടെ എതിർ സ്ഥാനാർഥികളുടെ വോട്ടാണ് നോട്ടയിലേക്ക് പോയതെന്നും ഗോധ്രയിലെ പരാജയം ഇതുകൊണ്ട് സംഭവിച്ചതാണെന്നും 258 വോട്ടിന് തോറ്റ രാജേന്ദ്ര സിങ് പർമർ പരാതിെപ്പട്ടു.
ഇൗ മണ്ഡലത്തിൽ പോൾ ചെയ്തതിനേക്കാൾ വോട്ട് എണ്ണിയപ്പോൾ കിട്ടിയെന്നും പരാതിയുണ്ട്. ബി.ജെ.പിക്കും കോൺഗ്രസിനും പിറകിൽ മൂന്നാമതാണ് നോട്ട. കോൺഗ്രസ് കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലങ്ങളിലും വലിയതോതിൽ വോട്ട് നോട്ടക്ക് പോയിട്ടുണ്ട്.
1093 വോട്ടിന് േകാൺഗ്രസ് സ്ഥാനാർഥി ജയിച്ച ഛോട്ടാ ഉദയ്പുരിൽ 5870 വോട്ടാണ് നോട്ടക്ക് കിട്ടിയത്. 1855 വോട്ടിന് മുതിർന്ന കോൺഗ്രസ് സ്ഥാനാർഥി അർജുൻ മൊദ്വാദിയ പരാജയപ്പെട്ട പോർബന്തറിൽ നോട്ട- 3433.
വിജാപുർ, ഹിമ്മത് നഗർ, ബോടാഡ്, മാതർ, വാഗ്ര, ഫത്തേപുര, ധാബോൽ, വിസ്നഗർ, ഡംഗസ്, ധനൈരാ, മനസാ തുടങ്ങിയ മണ്ഡലങ്ങളിൽ വോട്ടുവ്യത്യാസത്തേക്കാൾ വലിയ പങ്ക് നോട്ടക്ക് പോയിട്ടുണ്ടെന്ന് മേവാനിയുടെ പ്രചാരണ ചുമതലയുണ്ടായിരുന്ന പ്രമുഖ ആക്ടിവിസ്റ്റ് നദീം ഖാൻ ‘മാധ്യമ’ത്തോടു പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തിയത് വോട്ടുയന്ത്രങ്ങളിലെ അട്ടിമറി തന്നെയാണെന്ന് പാട്ടീദാർ സമരസമിതി നേതാവ് ഹാർദിക് പേട്ടൽ ആരോപിച്ചു. 12, 13 സീറ്റുകളിലാണ് വോട്ടുയന്ത്രം അട്ടിമറിച്ചതിലൂടെ ബി.ജെ.പി ഫലം അനുകൂലമാക്കിയതെന്നും ഹാർദിക് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.