പ്രമുഖ നിയമജ്ഞൻ എ.ജി. നൂറാനി അന്തരിച്ചു
text_fieldsമുംബൈ: പ്രമുഖ നിയമജ്ഞനും ഭരണഘടന വിദഗ്ധനും ഗ്രന്ഥകാരനും കോളമിസ്റ്റുമായ എ.ജി. നൂറാനി (അബ്ദുൽ ഗഫൂർ മജീദ് നൂറാനി) അന്തരിച്ചു. 94 വയസ്സായിരുന്നു. സുപ്രീംകോടതിയിലും ബോംബെ ഹൈകോടതിയിലും അഭിഭാഷകനായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം മുംബൈയിലെ വസതിയിലായിരുന്നു.
1930ൽ മുംബൈയിൽ ജനിച്ചു. സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം മുംബൈ ഗവ. ലോ കോളജിൽനിന്ന് നിയമബിരുദം നേടി. ഇന്ത്യൻ ഭരണഘടനയിലും ചരിത്രത്തിലും കശ്മീർ വിഷയത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. 1960കൾ മുതൽ പ്രമുഖ പത്രങ്ങളിൽ എഴുതിയ കോളങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ഹിന്ദുസ്ഥാൻ ടൈംസ്, ദി ഹിന്ദു, ഡോൺ, ദി സ്റ്റേറ്റ്സ്മാൻ, ഫ്രണ്ട് ലൈൻ, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി, ദൈനിക് ഭാസ്കർ തുടങ്ങിയ പത്രങ്ങളിൽ വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതി.
ദി കശ്മീർ ക്വസ്റ്റ്യൻ, ദി പ്രസിഡൻഷ്യൽ സിസ്റ്റം, ദി ട്രയൽ ഓഫ് ഭഗത് സിങ്, കോൺസ്റ്റിറ്റ്യൂഷനൽ ക്വസ്റ്റ്യൻസ് ഇൻ ഇന്ത്യ, ദി ആർ.എസ്.എസ് ആൻഡ് ദി ബി.ജെ.പി: എ ഡിവിഷൻ ഓഫ് ലേബർ, ദി ആർ.എസ്.എസ്: എ മെനേസ് ടു ഇന്ത്യ എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങൾ.
ബദറുദ്ദീൻ തയാബ്ജി, ഡോ. സാകിർ ഹുസൈൻ എന്നിവരുടെ ജീവചരിത്ര ഗ്രന്ഥങ്ങൾ രചിച്ചു. സുപ്രീംകോടതിയുടെ ബാബരി മസ്ജിദ് വിധിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു. ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ശൈഖ് അബ്ദുല്ലക്കായി നിയമ പോരാട്ടം നയിച്ചു. തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിക്കായി ജയലളിതക്കെതിരെ ബോംബെ ഹൈകോടതിയിലും ഹാജരായിട്ടുണ്ട്.
എ.ജി. നൂറാനിയുടെ നിര്യാണത്തിൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി, മുതിർന്ന പത്രപ്രവർത്തകൻ ഇഫ്തിഖാർ ഗീലാനി എന്നിവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.