100ാം ദിനവും നോട്ട് റേഷൻ
text_fieldsന്യൂഡല്‍ഹി: 500, 1,000 രൂപ നോട്ടുകള്‍ അസാധുവാക്കി 100 ദിനം പിന്നിട്ടു. താല്‍ക്കാലിക പ്രയാസം പരിഹരിക്കാന്‍ നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതിന്‍െറ ഇരട്ടി ദിവസം കഴിഞ്ഞിട്ടും നോട്ടുറേഷന്‍ തുടരുകയാണ്.
രാജ്യത്തെ 2.2 ലക്ഷം എ.ടി.എമ്മുകളില്‍ മൂന്നിലൊന്നും പ്രവര്‍ത്തിക്കുന്നില്ല. അസാധു നോട്ട് മാറ്റിയെടുക്കാന്‍ റിസര്‍വ് ബാങ്ക് ശാഖകള്‍ക്കു മുന്നില്‍ 100ാം ദിനത്തിലും ക്യൂ തുടര്‍ന്നു. നോട്ട് അസാധുവാക്കല്‍ ഉണ്ടാക്കിയ മാന്ദ്യം മാറിവരാന്‍ ഒന്നര വര്‍ഷമെടുക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ബാങ്കുകളില്‍നിന്ന് പിന്‍വലിക്കാവുന്ന സംഖ്യ ഈമാസം 20 മുതല്‍ 24,000ത്തില്‍നിന്ന് അരലക്ഷം രൂപയാക്കി ഉയര്‍ത്തുമെന്നും മാര്‍ച്ച് 13 മുതല്‍ നിയന്ത്രണം നീക്കുമെന്നും റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ബാങ്കുകളില്‍ പഴയ നോട്ട് നിക്ഷേപിക്കാനുള്ള സമയപരിധി ഡിസംബര്‍ 30ന് അവസാനിച്ചതാണ്. 50 ദിവസങ്ങള്‍ക്കിടയില്‍ രാജ്യത്തെ ബാങ്കുകളില്‍ തിരിച്ചത്തെിയ നോട്ടുകള്‍ എത്രയെന്ന് ഒന്നര മാസത്തിനുശേഷവും റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. പിന്‍വലിച്ച 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകളത്രയും തിരിച്ചത്തെിയെന്ന വിവരമാണ് അനൗദ്യോഗികമായി ലഭിക്കുന്നത്.
ഈ വിവരം പരസ്യപ്പെടുത്തുന്നത് സര്‍ക്കാറിന് തിരിച്ചടിയാകുമെന്നതുകൊണ്ടാണ് കണക്ക് പുറത്തുവിടാത്തതത്രെ. 9.75 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് വിപണിയിലേക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് സമ്പദ്വ്യവസ്ഥയില്‍ ഉണ്ടായിരുന്നതിന്‍െറ 40 ശതമാനം നോട്ട് മാത്രമാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളതെന്നാണ് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പിന്‍വലിച്ച തുകക്കുള്ള മുഴുവന്‍ നോട്ടും തിരിച്ചത്തെിക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ല. നോട്ട് അടിച്ചുതീരാത്തതു മാത്രമല്ല, ഡിജിറ്റല്‍ പണമിടപാട് വര്‍ധിപ്പിക്കുന്നതിനുകൂടിയാണിതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്. നിതി ആയോഗ് മുഖേന ഭാഗ്യസമ്മാന നറുക്കെടുപ്പ് നടത്താന്‍ കോടികള്‍ ചെലവിട്ടെങ്കിലും ഡിജിറ്റല്‍ പണമിടപാട് ഉദ്ദേശിച്ച രീതിയില്‍ ഉഷാറായതുമില്ല.
നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ച മാന്ദ്യം മറികടക്കാന്‍ കഴിയാത്തത് സര്‍ക്കാറിന്‍െറ പ്രതിച്ഛായ തകര്‍ത്തതിനൊപ്പം, വിവിധ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.